തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ദിനകരനെ സഹായിച്ചത് കേരളത്തെ ഹവാല ഇടപാടുകാര്‍

By weFirst Published May 3, 2017, 5:53 PM IST
Highlights

ചെന്നൈ: രണ്ടിലച്ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാനുള്ള പണം ടി.ടി.വി. ദിനകരന്‍ ദില്ലിയിലെത്തിച്ചത് കൊച്ചിയിലെ ഹവാല ഇടപാടുകാര്‍ വഴിയെന്ന് ദില്ലി പൊലീസ്. ദില്ലി പൊലീസിന്റെ പ്രത്യേക സംഘം കൊച്ചിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞതെന്നാണ് സൂചന. അതേസമയം, കൊടനാട് എസ്‌റ്റേറ്റ് കൊലപാതകക്കേസിലെ പ്രതി സയനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണച്ചുമതലയുള്ള നീലഗിരി എസ്പി വ്യക്തമാക്കി

സുകേഷ് ചന്ദ്രശേഖറെന്ന ഇടനിലക്കാരന് പണമെത്തിയ വഴികള്‍ പരിശോധിച്ചപ്പോഴാണ് ഇടപാടുകളുടെ കേരള ബന്ധം ദില്ലി പൊലീസിന് കണ്ടെത്താനായത്. ചെന്നൈയില്‍ നിന്ന് നേരിട്ട് പണമെത്തിയ്ക്കുന്നതിന് പകരം സംശയമൊഴിവാക്കാനാണ് കൊച്ചി വഴി ദില്ലിയിലേയ്ക്ക് പണമെത്തിച്ചതെന്നാണ് ദില്ലി പൊലീസിന്റെ നിഗമനം. ഇതിന് ഇടനിലക്കാരായത് കേരളത്തിലെ ഹവാല ഇടപാടുകാരാണെന്ന് ദില്ലി പൊലീസ് സംശയിക്കുന്നു.

10 കോടി രൂപയാണ് ഇവരിലൂടെ ദിനകരന്‍ ദില്ലിയിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് നേതൃത്വം നല്‍കിയത് ചെന്നൈ സൗകാര്‍പേട്ടില്‍ കഴിയുന്ന നരേന്ദ്രജെയിന്‍ എന്ന ഹവാല ഇടപാടുകാരനാണ്. ഒളിവില്‍ കഴിയുന്ന ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കൊച്ചിയും ചെന്നൈയും ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് ലഭിച്ച സൂചനകളനുസരിച്ച് ദിനകരന്റെ ബന്ധം മോഹനരംഗന്‍, അഭിഭാഷകന്‍ ഗോപിനാഥ് എന്നിവരുള്‍പ്പടെ 12 ഓളം പേരെ ദില്ലി പൊലീസ് ചോദ്യം ചെയ്‌തേയ്ക്കും. 

ഇതിനിടെ, ആരോഗ്യമന്ത്രി വിജയഭാസ്‌കറിന്റെ വീട്ടില്‍ നടന്ന റെയ്ഡുകളുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഭാര്യ രമ്യയ്ക്ക് ആദായനികുതി വകുപ്പ് സമന്‍സയച്ചു. അതേസമയം, ജയലളിതയുടെ വേനല്‍ക്കാല വസതിയായ കൊടനാട് എസ്‌റ്റേറ്റിലെ കൊലപാതകക്കേസ് പ്രതിയും മലയാളിയുമായ സയനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് നീലഗിരി എസ്പി വ്യക്തമാക്കി. ചൊവ്വാഴ്ച കൊടനാട് കേസിലെ പ്രതികളിലൊരാളായ തൃശ്ശൂര്‍ സ്വദേശി മനോജിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

click me!