ജഡ്ജിമാരുടെ നിയമനത്തെ ചൊല്ലി സുപ്രീംകോടതിയും  കേന്ദ്ര സര്‍ക്കാരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍

By Web DeskFirst Published Jul 15, 2016, 8:27 AM IST
Highlights

ദില്ലി: ജഡ്ജിമാരുടെ നിയമനത്തെ ചൊല്ലി സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ജഡ്ജിമാര്‍ക്ക് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് സീനിയോറിറ്റി മാനദണ്ഡമാക്കണമെന്ന നിയമമന്ത്രാലയത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി കൊലീജിയം സര്‍ക്കാരിന് മറുപടി നല്‍കി. 

ജഡ്ജിമാരുടെ നിയമനത്തിനുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ റദ്ദാക്കിയതിന് പിന്നാലെ തുടങ്ങിയ കോടതിയും സര്‍ക്കാരും തമ്മിലുള്ള ശീതസമരം വീണ്ടും പരസ്യമായ ഏറ്റുമുട്ടലായി മാറുകയാണ്. ജഡ്ജിമാരുടെ നിയമനത്തിന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊലീജിയം മതിയെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. 

അതംഗീകരിക്കുമ്പോള്‍ കൊലീജിയം മുന്നോട്ടുവെക്കുന്ന പേരുകള്‍ അതേപോലെ അംഗീകരിക്കാനാകില്ല എന്ന സന്ദേശം കേന്ദ്ര നിയമമന്ത്രാലയം ചീഫ് ജസ്റ്റിസിനെ രേഖാമൂലം അറിയിച്ചു. ഹൈക്കോടതികളില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് ജഡ്ജിമാര്‍ക്ക് സ്ഥാനകയറ്റം നല്‍കുമ്പോള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് മുന്‍ഗണന നല്‍കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സീനിയോറിറ്റി മാത്രമല്ല, കഴിവും പരിചയ സമ്പത്തും കണക്കിലെടുത്ത് മാത്രമെ ജഡ്ജിമാരെ നിയമിക്കാനാകു എന്നാണ് സുപ്രീംകോടതി കൊലീജിയത്തിന്റെ അഭിപ്രായം. 

ഇക്കാര്യത്തിലുള്ള കത്തിടപ്പാടുകള്‍ സര്‍ക്കാരിനും കോടതിക്കും ഇടയില്‍ തുടരുകയാണ്. ജഡ്ജിമാരെ നിയമിക്കാന്‍ കൊലീജിയം തീരുമാനിച്ചാലും ആ പേരുകള്‍ നിയമമന്ത്രാലയം അംഗീകരിച്ച് രാഷ്ട്രപതിക്ക് അയക്കണം. സര്‍ക്കാരിന് താല്പര്യമില്ലാത്ത പേരുകള്‍ ശുപാര്‍ശ ചെയ്താല്‍ അത് അംഗീകരിക്കില്ല എന്ന സൂചന കൂടിയാണ് നിയമമന്ത്രാലയം കോടതിക്ക് നല്‍കിയിരിക്കുന്നത്. 

നേരത്തെ ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കാനുള്ള ശുപാര്‍ശ നിയമമന്ത്രാലയം തള്ളിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജഡ്ജിമാരുടെ നിയമത്തില്‍ എല്ലാ അധികാരവും കോടതിക്ക് വിട്ടുകൊടുക്കാനാകില്ലെന്ന് സര്‍ക്കാര്‍ സന്ദേശം നല്‍കുമ്പോള്‍ ജുഡീഷ്യറിയും ഏക്‌സിക്യുട്ടീവും തമ്മിലുള്ള പോര് തുടരാന്‍ തന്നെയാണ് സാധ്യത.

click me!