തുര്‍ക്കിയിലെ അട്ടിമറി ശ്രമം; അധ്യാപകര്‍ രാജ്യം വിടുന്നതിന് വിലക്ക്

By Web DeskFirst Published Jul 20, 2016, 4:37 PM IST
Highlights

പ്രതികാര നടപടികളുണ്ടാകില്ലെന്ന് ഭരണകൂടം ആവര്‍ത്തിക്കുമ്പോഴും ആ വാക്ക് പാലിക്കപ്പെടുമോ എന്ന സംശയം ജനിപ്പിക്കുന്നതാണ് തുര്‍ക്കിയിലെ സംഭവ വികാസങ്ങള്‍. സൈനികരും പൊലീസുകാരും ന്യായാധിപന്‍മാരും അടക്കം 20,000ത്തോളം പേരെയാണ് അട്ടിമറി ശ്രമവുമായി ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തത്. വിദ്യാഭ്യാസ വിദഗ്ധര്‍ രാജ്യം വിടുന്നതിനാണ് പുതിയ നിയന്ത്രണം. വിദേശത്തുള്ളവര്‍ ഉടന്‍ തിരിച്ചെത്തണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ബുദ്ധിജീവികളില്‍ ചിലര്‍ അട്ടിമറിശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന സംശയമാണ് നീക്കത്തിന് പിന്നില്‍. സര്‍വകലാശാല വകുപ്പ് മേധാവികളായ 1500പേരോട് രാജിവയ്‌ക്കാനാവശ്യപ്പെട്ടിട്ടുണ്ട്. ഇരുപത്തിയൊന്നായിരം അധ്യാപകരോടും വിദ്യാഭ്യാസ വകുപ്പിലെ പതിനയ്യായിരം ഉദ്യോഗസ്ഥരോടും രാജിവയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണിത്. 

ഇതിനിടെ എര്‍ദോഗന്റെ എ.കെ പാര്‍ട്ടി നേതാക്കള്‍ 2000 മുതല്‍ 2016 വരെ അയച്ച മൂന്ന് ലക്ഷത്തോളം ഇമെയിലുകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു. പിന്നാലെ വൈബ്സൈറ്റ് രാജ്യത്ത് നിരോധിച്ചു. എന്നാല്‍ പുറത്തുവിട്ടതില്‍  അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല. മാധ്യമങ്ങളുടെ നിയന്ത്രണത്തിലേക്കും കാര്യങ്ങള്‍ നീങ്ങുന്നുണ്ടെന്ന ആശങ്കയാണ് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ പങ്കുവയ്‌ക്കുന്നത്. ശിക്ഷാ നടപടികളെടുക്കുമ്പോള്‍ നിയമം മുറുകെ പിടിക്കണമെന്നും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കരുതെന്നും ആംനെസ്റ്റി ആവശ്യപ്പെട്ടു.

click me!