
തൂത്തുക്കുടി (തമിഴ്‌നാട്): തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ പ്രക്ഷോഭം ശക്തമാകുന്നു. രണ്ടാം ഘട്ട വികസനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് തുടങ്ങിയ പൊതുജനപ്രക്ഷോഭം അന്‍പതാം ദിവസത്തിലേക്ക് കടക്കുകയാണ്.
1996 ലാണ് തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് മുതല്‍ വിവാദങ്ങളുടെ കേന്ദ്രവുമാണ് സ്ഥാപനം. പ്ലാന്റിന്റെ പ്രവര്‍ത്തനം മേഖലയുടെ പാരിസ്ഥിതികാവസ്ഥയെ തകിടം മറിച്ചു. ജലസ്രോതസ്സുകളും മണ്ണും വായുവും വിഷമയമായി. ജനങ്ങള്‍ പ്ലാന്റിനെതിരെ പ്രക്ഷോഭങ്ങള്‍ തുടങ്ങി. ഒടുവില്‍ പരാതി സുപ്രീംകോടതിയിലെത്തി.
പരിസ്ഥിതി നാശം സ്ഥിരീകരിച്ച കോടതി 100 കോടി രൂപ പിഴയടക്കാനാണ് നിര്‍ദേശിച്ചത്. പക്ഷേ, പ്ലാന്റ് പ്രവര്‍ത്തനം തുടരുകയായിരുന്നു. ഇപ്പോള്‍ കമ്പനിക്ക് രണ്ടാം ഘട്ട വികസനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് തൂത്തുക്കുടിയില്‍ വീണ്ടും പ്രക്ഷോഭങ്ങള്‍ ശക്തമായത്. ആയിരങ്ങളാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് ഇവിടേക്ക് എത്തുന്നത്. പ്ലാന്റ് വീണ്ടും വികസിപ്പിച്ചാല്‍ അത് മൂലം ഉണ്ടാകുന്ന പരിസ്ഥിതി നാശം കണക്കാക്കാന്‍ കഴിയാത്ത അത്ര വലുതാകുമെന്ന് വിദഗ്ദര്‍ പറയുന്നു.
വിപുലീകരണം നടന്നാല്‍ ദക്ഷിണേഷ്യയിലെ രണ്ടാമത്തെ വലിയ കോപ്പര്‍ സംസ്‌കണ പ്ലാന്റ് ആകുമിത്. പ്രതിവര്‍ഷം 9 ലക്ഷം ടണ്‍ കോപ്പര്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ചൈനയിലുണ്ട്, പക്ഷേ അത് ജനവാസമേഖലയിലല്ല. എന്നാല്‍, പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ വികസനവുമായി മുന്നോട്ട് പോകാനാണ് സ്റ്റെര്‍ലൈറ്റ് ഇന്‍ട്രസ്ട്രീസിന്റെ തീരുമാനം.
ആവശ്യമായ അനുമതി ലഭിച്ചിട്ടുണ്ടെന്നും പരിസ്ഥിതി നാശം ഉണ്ടാക്കില്ലെന്നുമാണ് കമ്പനിയുടെ അവകാശവാദം. ഡിഎംകെ അടങ്ങുന്ന പ്രതിപക്ഷ കക്ഷികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുമെന്നും നിയമവശങ്ങള്‍ കൂടി നോക്കിയ ശേഷമേ നിലപാട് വ്യക്തമാക്കാനാകൂ എന്നുമാണ് സര്‍ക്കാര്‍ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam