ചാനല്‍ മൈക്ക് മുഖ്യമന്ത്രിയുടെ ദേഹത്ത് ചെറുതായൊന്ന് തട്ടി: ആലപ്പുഴയില്‍ ഇന്ന് ഉണ്ടായതെന്ത്..?

Published : Aug 05, 2018, 10:04 PM ISTUpdated : Aug 05, 2018, 10:05 PM IST
ചാനല്‍ മൈക്ക് മുഖ്യമന്ത്രിയുടെ ദേഹത്ത് ചെറുതായൊന്ന് തട്ടി: ആലപ്പുഴയില്‍ ഇന്ന് ഉണ്ടായതെന്ത്..?

Synopsis

ആലപ്പുഴയില്‍ മഴ ദുരന്ത അവലോകന യോഗത്തിന് ശേഷം സംസാരിക്കാനൊരുങ്ങിയ മുഖ്യമന്ത്രി ചൊടിച്ച് മടങ്ങിയെന്ന വാര്‍ത്ത ഇന്ന് രാവിലെ മുതല്‍ വന്നിരുന്നു

ആലപ്പുഴ: ആലപ്പുഴയില്‍ മഴ ദുരന്ത അവലോകന യോഗത്തിന് ശേഷം സംസാരിക്കാനൊരുങ്ങിയ മുഖ്യമന്ത്രി ചൊടിച്ച് മടങ്ങിയെന്ന വാര്‍ത്ത ഇന്ന് രാവിലെ മുതല്‍ വന്നിരുന്നു. മന്ത്രിമാരും ഉദ്യേഗസ്ഥരുമടക്കം പങ്കെടുത്ത യോഗത്തിന് ശേഷം പുറത്തേക്ക് വന്ന മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ അന്വേഷിച്ച മാധ്യമങ്ങളോട് യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് തുടങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകന്‍റെ മൈക്ക് മുഖ്യമന്ത്രിയുടെ ദേഹത്ത് തട്ടുകയായിരുന്നു.  തുടര്‍ന്ന് അസ്വസ്ഥനായ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കാതെ മാധ്യമ പ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട്  കാറില്‍ കയറി തിരികെ പോയി എന്നായിരുന്നു വാര്‍ത്ത.

എന്താണ് ഈ വാര്‍ത്തയ്ക്ക് പിന്നിലുള്ള കാര്യം എന്താണ് ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ലേഖകന്‍ ടിവി പ്രസാദ് ഫേസ്ബുക്കില്‍ ഇത് സംബന്ധിച്ച് എഴുതുന്നു. മുഖ്യമന്ത്രിയെ ഞങ്ങളാരും തടഞ്ഞുവെക്കാറില്ല. ചോദ്യം ചോദിക്കാറുണ്ട് ശരിയാണ്. വഴിയില്‍ നില്‍ക്കാറുണ്ടെങ്കിലും വരുമ്പോള്‍ പിന്നിലേക്ക് മാറി നില്‍ക്കും.ഒരിക്കലും മുഖ്യമന്ത്രിക്ക് തടസ്സം ഉണ്ടാക്കാന്‍ ശ്രമിക്കാറില്ല. 

പിന്നെയും എന്തിനാണ് ഈ സുരക്ഷാ ഉദ്യോഗസ്ഥര്‍ നമ്മളെ ഇങ്ങനെ തള്ളിമാറ്റുന്നത്. ഇല്ലാത്ത തിരക്ക് ഉണ്ടാക്കി മുഖ്യമന്ത്രിയെ കൊണ്ടുപോകുന്നത്. എന്നാല്‍ ഇത്ര കാലം ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞ് കൊടുത്ത് ഈ സമീപനം തിരുത്തണ്ടേ. മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഇനി വരരുതെന്നും ഇൻറര്‍വ്യൂ എടുക്കാന്‍ ശ്രമിക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ വരില്ലല്ലോ എന്ന് ടിവി പ്രസാദ് ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഈ വീഡിയോ ഒന്ന് കാണണം. ഒരു റിപ്പോര്‍ട്ടര്‍ പോലും മുഖ്യമന്ത്രിയുടെ അടുത്തില്ല. എല്ലാവരും ദൂരെ നിന്നാണ് മൈക്ക് നീട്ടി പിടിക്കുന്നത്. പക്ഷേ നല്ല തിരിക്കുണ്ട്. പത്ത് വാര്‍ത്താ ചാനലുകളുടെ ക്യാമറകളും പത്ത് റിപ്പോര്‍ട്ടര്‍മാരും പത്രങ്ങളുടെ ഫോട്ടോ ഗ്രാഫര്‍മാരും ഉണ്ടായിട്ടും മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളത് ആരാണെന്ന് നോക്കൂ. ആരാണ് അവിടെ തിരക്കുണ്ടാക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസുമാണ്.

ആലപ്പുഴ മെ‍‍ഡിക്കല്‍ കോളേജിലെ യോഗത്തിലേക്ക് കയറുമ്പോള്‍ കുട്ടനാട് സന്ദര്‍ശിക്കുമോ എന്ന് ചോദിച്ചപ്പോള്‍ പ്രതികരിച്ചിരുന്നില്ല. അരികില്‍ നിന്ന് ചോദ്യം ചോദിച്ച എല്ലാ റിപ്പോര്‍ട്ടര്‍മാരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റി. തിരിച്ചുവരുമ്പോള്‍ മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കില്‍ പറയട്ടെ എന്ന് കരുതിയാണ് വഴി തടസ്സപ്പെടുത്താതെ മാറി നിന്ന് എത്തി മൈക്ക് പിടിച്ച് നില്‍ക്കുന്നത്(വീഡിയോയില്‍ കാണാം).. മുഖ്യമന്ത്രിക്ക് നേരെ കൈനീട്ടില്‍ പോലും തൊടാന്‍ പറ്റാത്ത് അത്ര ദൂരത്തിലാണ് ഞങ്ങള്‍ എല്ലാവരും നില്‍ക്കുന്നത്. മുഖ്യമന്ത്രിക്ക് ചുറ്റിലും സുരക്ഷാ ഉദ്യോഗസ്ഥരോട് പുറത്തേക്ക് വരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ലോക്കല്‍പോലീസും ചേര്‍ന്നതോടെ നല്ല തിരക്കായി. ഇവരുടെ പിറകില്‍‍ നിന്നാണ് മുഖ്യമന്ത്രിക്ക് എന്തോ പറയാനുണ്ടെന്ന് മനസ്സിലാക്കിയ ഞങ്ങള്‍ മൈക്ക് നീട്ടുന്നത്. എന്‍റെയൊന്നും മൈക്ക് സുരക്ഷാ ഉദ്യോഗസ്ഥരും പോലീസുമുള്ളതിനാല്‍ അടുത്തേക്ക് പോലുമെത്തുന്നില്ല. മുഖ്യമന്ത്രി സംസാരിക്കാന്‍ നിന്നും. അപ്പോഴും റിപ്പോര്‍ട്ടര്‍മാരോ ക്യാമറാമാന്‍മാരോ ഫോട്ടോഗ്രാഫര്‍മാരോ ആരും അടുത്തില്ല. ചുറ്റിലും പോലീസ് മാത്രം. പിറകില്‍ നില്‍ക്കുന്ന ഒരു സഹപ്രവര്‍ത്തകന്‍റെ മൈക്ക് മുഖ്യമന്ത്രിയുടെ ശരീരത്തില്‍ ചെറുതായൊന്ന് തട്ടുന്നു(വീഡിയോയില്‍ സൂക്ഷിച്ച് നോക്കിയാല്‍ കാണാം).. മൈക്ക് കയ്യില്‍ പിടിച്ച ചാനല്‍ റിപ്പോര്‍ട്ടറെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും തള്ളിയപ്പോള്‍ കയ്യിലുള്ള മൈക്ക് ചെറുതായൊന്ന് അനങ്ങിപ്പോയി. അത് ചെറുതായൊന്ന് ഉരസുകയും ചെയ്തു. പക്ഷേ അത് ആ റിപ്പോര്‍ട്ടറിന്‍റെ ശ്രദ്ധക്കുറവിലുണ്ടായ വീഴ്ചയല്ല. സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും തള്ളിയിരുന്നില്ലെങ്കില്‍ അങ്ങനെയൊരു സംഭവം അവിടെ ഉണ്ടാകുമായിരുന്നില്ല. മുഖ്യമന്ത്രി ദ്വേഷ്യം പിടിച്ച് വിശദീകരിക്കാതെ കാറില്‍ കയറി പോയി. പിന്നാലെ വന്ന മന്ത്രി ജി സുധാകരന്‍ യോഗ തീരുമാനം മാധ്യമങ്ങളിലുടെ ജനങ്ങളോട് വിശദീകരിച്ചു.

മുഖ്യമന്ത്രിയെ ഞങ്ങളാരും തടഞ്ഞുവെക്കാറില്ല. ചോദ്യം ചോദിക്കാറുണ്ട് ശരിയാണ്. വഴിയില്‍ നില്‍ക്കാറുണ്ടെങ്കിലും വരുമ്പോള്‍ പിന്നിലേക്ക് മാറി നില്‍ക്കും.ഒരിക്കലും മുഖ്യമന്ത്രിക്ക് തടസ്സം ഉണ്ടാക്കാന്‍ ശ്രമിക്കാറില്ല. പിന്നെയും എന്തിനാണ് ഈ സുരക്ഷാ ഉദ്യോഗസ്ഥര്‍ നമ്മളെ ഇങ്ങനെ തള്ളിമാറ്റുന്നത്. ഇല്ലാത്ത തിരക്ക് ഉണ്ടാക്കി മുഖ്യമന്ത്രിയെ കൊണ്ടുപോകുന്നത്. എന്നാല്‍ ഇത്ര കാലം ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞ് കൊടുത്ത് ഈ സമീപനം തിരുത്തണ്ടേ. മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഇനി വരരുതെന്നും ഇൻറര്‍വ്യൂ എടുക്കാന്‍ ശ്രമിക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ വരില്ലല്ലോ. വിളിച്ച് പറയുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ക്കും ഇന്‍റര്‍വ്യൂവിനും മാത്രം വന്നോളാം. മുഖ്യമന്ത്രിയായത് കൊണ്ട് പ്രതികരണം ചിലപ്പോള്‍ കിട്ടിയേ മതിയാവൂ. അതുകൊണ്ടാണ് പ്രതികരണം കാത്ത് നില്‍ക്കേണ്ടി വരുന്നത്. പക്ഷേ അത് മുഖ്യമന്ത്രിയെ തടസ്സപ്പെടുത്താനാണെന്ന് കരുതി ഈ സുരക്ഷാ ഉദ്യോഗസ്ഥര്‍‍ കാട്ടിക്കൂട്ടുന്നത് നീതീകരിക്കാനാകുമോ..?

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലാലി ജെയിംസിന് 4 തവണ സീറ്റ് നൽകി, അത് പണം വാങ്ങി ആയിരുന്നോ?'; കോഴ ആരോപണം ഉയർത്തിയ ലാലിക്കെതിരെ ഡിസിസി
'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്തോ' ? വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ