തെരുവുനായകളെ തുരത്തുമെന്ന് തിരുവനന്തപുരം മേയര്‍

By Web DeskFirst Published Aug 25, 2016, 2:02 AM IST
Highlights

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് രണ്ടാഴ്ചക്കകം തെരുനായ്ക്കളെ തുരത്തുമെന്ന് മേയര്‍ അഡ്വ. വി കെ പ്രശാന്ത് പറഞ്ഞു. ശല്യം രൂക്ഷമായ ഇടങ്ങളില്‍ നായ്ക്കളെ പിടിക്കാന്‍ മേയറുടെ നേതൃത്വത്തിലുള്ള സംഘം രാത്രിയിലും രംഗത്തിറങ്ങി. സ്റ്റാച്യു, തമ്പാനൂര്‍ പ്രദേശങ്ങളില്‍ നിന്നാണ് നായ്ക്കളെ പിടികൂടിയത്. വന്ധ്യംകരിച്ചവയെ പുനരധിവസിപ്പിക്കാനും അക്രമകാരികളെ കൊന്നൊടുക്കാനുമാണ് തീരുമാനം. ഒരു മാസത്തിനകം വളര്‍ത്തുനായ് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും മേയര്‍ വി കെ പ്രശാന്ത് പറഞ്ഞു.

പുല്ലുവിളയില്‍ അമ്പതോളം നായ്‌ക്കളുടെ അക്രമത്തില്‍ ശിലുവമ്മ എന്ന വൃദ്ധ മരിച്ചതോടെയാണ് തെരുവുനായ്‌ക്കള്‍ക്കെതിരായ പ്രതിഷേധം ശക്തമായത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നായ്‌ക്കളെ വന്ധ്യംകരിക്കാനും അക്രമകാരികളായവയെ കൊന്നൊടുക്കാനും തീരുമാനിച്ചത്. നായ്‌ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള നിര്‍ദ്ദേശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതായി മന്ത്രി കെ ടി ജലീല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതേസമയം പുല്ലുവിളയില്‍ ഉള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞദിവസവും തെരുവുനായ്‌ക്കളുടെ അക്രമം തുടര്‍ന്നു. കൊല്ലം എഴുകോണില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കീഴ്ത്താടി തെരുവുനായ്ക്കള്‍ കടിച്ചുകീറി.

click me!