പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ചുമതലയുള്ള കമാന്‍ഡോകളുടെ എണ്ണം വെട്ടിച്ചുരുക്കി

By Web DeskFirst Published Nov 22, 2017, 8:31 AM IST
Highlights

തിരുവനന്തപുരം:പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ സുരക്ഷാ ചുമതലയില്‍ നിന്ന് കമാന്‍റോകളെ ഒഴിവാക്കിയതിന് പിന്നാലെ ഭീകരാക്രമണം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇടെപെടാന്‍ നിയോഗിച്ച കമാന്‍ഡോകളുടെ എണ്ണവും പകുതിയാക്കി. ക്ഷേത്രത്തിന്‍റെ നാല് നടകളിലും വിന്യസിച്ചിരുന്ന ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയനിലെ കമാന്‍ഡോകളുടെ എണ്ണമാണ് സംസ്ഥാന സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത്.

പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ നാല് നടകളിലായിട്ടാണ് ഇവരെ  വിന്യസിച്ചിരുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ സര്‍ക്കാരാണ് ക്ഷേത്ര സുരക്ഷയ്ക്കു കമാന്‍ഡോകളെ നിയോഗിച്ചത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുമായി പ്രത്യേകം പരിശീലനം നേടിയ കമാന്‍റോകളെ പാറാവ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ഉയര്‍ന്നതോടെ റേഞ്ച് ഐജി മനോജ് എബ്രഹാം ഇവരെ സുരക്ഷാ ചുമതലയില്‍ നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു.

തുടര്‍ന്ന് കമാന്‍റോകളുടെ ഒരു വിഭാഗത്തെ പെട്രോളിങ്ങിന് നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിലുള്ള കമാന്‍ഡോകളുടെ എണ്ണം വെട്ടിച്ചുരുക്കിയത്. ഇരുപത് പേര്‍ രാത്രി ഡ്യൂട്ടിക്കുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നാല് പേരാണുള്ളത്.

click me!