
ആലെപ്പോ: വിമതരുടെ നിയതന്ത്രണത്തിലുള്ള സിറിയയിലെ ആലെപ്പോയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു ആശുപത്രികള്‍ തകര്‍ന്നു. ആറു പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ ഇനിയും കൂടാമെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് ആലെപ്പോയിലെ രണ്ട് ആശുപത്രികള്‍ക്കു നേരെ വ്യോമാക്രമണം നടന്നത്. സര്‍ക്കാര്‍ സൈന്യവും സഖ്യ കക്ഷിയായ റഷ്യന്‍ സേനയും നിരന്തരം വ്യോമാക്രമണങ്ങള്‍ നടത്തുന്ന ആലെപ്പോയില്‍ കഴിഞ്ഞ ആഴ്ച കുട്ടികളടക്കം 100 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പേരാണ് ഈ ആശുപത്രികളില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കു നേരെയാണ് ഇന്നലെ ആക്രമണം നടന്നത്.
ഈ രണ്ട് ആശുപത്രികള്‍ പ്രവര്‍ത്തനരഹിതമായതോടെ ആലെപ്പോയില്‍ ഇനി ആറു ആശുപത്രികള്‍ മാത്രമാണ് ശേഷിക്കുന്നത്. നിരന്തരം വ്യോമാക്രമണം നടക്കുന്ന ഈ സ്ഥലങ്ങളില്‍ മരിക്കാതെ രക്ഷപ്പെടുന്നവര്‍ക്ക് ചികില്‍സ പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഇവിടങ്ങളില്‍ ഭീതിയോടെയാണ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും കഴിയുന്നത്. ഇന്നലെത്തെ ആക്രമണത്തില്‍ താഴത്തെ നിലയില്‍ ഒളിച്ചു നിന്നാണ് ഡോക്ടര്‍മാരും മറ്റും രക്ഷപ്പട്ടതെന്ന് മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. ആശുപത്രികള്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റങ്ങളില്‍ പെടുമെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam