Latest Videos

ഐഎസുമായി ബന്ധം; രണ്ട് യുവാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

By Web TeamFirst Published Aug 12, 2018, 5:49 PM IST
Highlights

ഐഎസിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിച്ചതിനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആസൂത്രണം ചെയ്തുവെന്നുമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കി

ഹെെദരാബാദ്: ഭീകരവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രണ്ടു യുവാക്കളെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ ഐഎസുമായി ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടത്താനുള്ള ശ്രമം നടത്തിയെന്ന കേസിലാണ് രണ്ടു പേരെ ഹെെദരാബാദില്‍ നിന്ന് പിടികൂടിയത്. മുഹമ്മദ് അബ്ധുള്ള ബാസിത് (24), മൊഹദ് അബ്ധുള്‍ ഖദീര്‍ (19) എന്നിവരാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ വക്താവ് അറിയിച്ചു.

ഐഎസിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിച്ചതിനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആസൂത്രണം ചെയ്തുവെന്നുമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി മുസ്‍ലിമുകളായ ഇന്ത്യന്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും ട്രെയിനിംഗ് നല്‍കുന്നതും സംബന്ധിച്ച കേസ് എന്‍ഐഎ 2016 മുതല്‍ അന്വേഷിക്കുകയാണ്.

നേരത്തെ കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. തെറ്റ് ഏറ്റു പറഞ്ഞ ഇവര്‍ക്ക് ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. അദ്നാന്‍ ഹസന്‍ എന്നെരാളുടെ വിചാരണ പുരോഗമിക്കുന്നുമുണ്ട്. ഇതിനിടെയാണ് ഹസനുമായി ബന്ധമുള്ള ബാസിതിനെപ്പറ്റിയുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചത്.

ഓഗസ്റ്റ് ആറിന് കേന്ദ്ര ഏജന്‍സി ഹെെദരാബാദിലെ ഏഴിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ചില തെളിവുകള്‍ റെയ്‍ഡില്‍ ലഭിച്ചതായും എന്‍ഐഎ വക്താവ് പറഞ്ഞു. ഇവ പരിശോധനകള്‍ക്കായി ഹെെദരാബാദിലെ സിഎഫ്എസ്എലിലേക്ക് അയച്ചിട്ടുണ്ട്. അറസ്റ്റിലായ ഇരുവരെയും പ്രാഥമികമായി ചോദ്യം ചെയ്ത് കഴിഞ്ഞാതായും എന്‍ഐഎ അറിയിച്ചു. 
 

click me!