അഭിമന്യുവധം; രണ്ടുപ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു

First Published Jul 25, 2018, 4:54 PM IST
Highlights
  • രണ്ടുപ്രതികള്‍ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍

കൊച്ചി:അഭിമന്യുവധകേസില്‍ നിർണായക വിവരങ്ങൾ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലിസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ. 21 ഉം, 22 ഉം പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇരുപത്തിയൊന്നാം പ്രതി നിസാറിനെയും ഇരുപത്തിരണ്ടാം പ്രതി അനൂപ് എന്നിവരെയാണ് നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റ‍ിയിൽ വിട്ടു കൊണ്ട് എറണാകുളം സെഷൻസ് കോടതി ഉത്തരവിട്ടത്. 

നേരത്തെ ഇരുവരെയും ജയിലിൽ വച്ച് ചോദ്യം ചെയ്തെങ്കിലും മുഴുവൻ വിവരങ്ങളും ലഭ്യമായിട്ടില്ല. ചില നിർണായക വിവരങ്ങൾ ലഭിക്കാൻ ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുള്ള പൊലീസിൻറെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനിടെ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി മുഹമ്മദ് കഴിഞ്ഞ മൂന്ന് വർഷമായി എസ് എഫ് ഐ പ്രവർത്തകരുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു എന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

മുഹമ്മദിനെ ചോദ്യം ചെയ്തതില് നിന്നും മറ്റു പ്രതികൾക്ക് കേസുമായുള്ള ബന്ധം തെളിഞ്ഞിട്ടുണ്ട്. സംഭവ ദിവസത്തെ ചുവരെഴുത്ത് വാട്സ് ആപ്പ് സന്ദേശമായി മൊബൈല്‍ ഫോണ് വഴി മുഹമ്മദ് കാമ്പസ് ഫ്രണ്ട് , എസ് ഡിപിഐ പ്രവര്‍ത്തകര്‍ക്ക് അയച്ചിരുന്നു. ഈ മൊബൈല് ഫോണുകൾ നശിപ്പിക്കപ്പെട്ടെന്നാണ് പൊലീസിൻറെ നിഗമനം. ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയാകുമ്പോള്‍ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലിസിൻറെ കണക്കു കൂട്ടൽ.

click me!