അഭിമന്യു കൊലക്കേസ്; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി ഇന്ന് അറസ്റ്റില്‍

By Web DeskFirst Published Jul 7, 2018, 10:43 AM IST
Highlights

എറണാകുളം നെട്ടൂരില്‍ നിന്ന് ഒളിവില്‍ പോയ ആറ് പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.

കൊച്ചി: മഹരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കോളേജ് ക്യാമ്പസില്‍ വെച്ച് കുത്തിക്കൊന്ന കേസില്‍ ഇന്ന് രണ്ട് പേര്‍ കൂടി അറസ്റ്റിലായി. പ്രതികളെ സഹായിച്ച നവാസ്, ജാഫ്രി എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. എറണാകുളം നെട്ടൂരില്‍ നിന്ന് ഒളിവില്‍ പോയ ആറ് പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.

കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന നെട്ടൂര്‍ സ്വദേശികളിലൊരാള്‍ കൈവെട്ട് കേസില്‍ ഉള്‍പ്പെട്ടിരുന്നതായി സൂചന ലഭിച്ചു. സമീപകാലത്ത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സാന്നിധ്യമുണ്ടായിരുന്ന കേസുകളും സംഭവങ്ങളും വിശകലനം ചെയ്യുകയാണ് അന്വേഷണ സംഘം. പതിനഞ്ചംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയിട്ടും ഇതില്‍ നാല് പേരെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്. ഇന്ന് അറസ്റ്റിലായ രണ്ട് പേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 15 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരല്ല

എറണാകുളം നെട്ടൂരില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഒളിവില്‍ പോയ ആറ് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നെട്ടൂര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴയിലെ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതിയായിരുന്നയാളും ഇവരിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ ആറ് പേരില്‍ ആരെങ്കിലുമാണോ കൃത്യം നടത്തിയ കറുത്ത ഷര്‍ട്ടുകാരന്‍ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

കൈവെട്ട് കേസില്‍ 31 പേരടങ്ങിയ പ്രതിപ്പട്ടികയില്‍ 13 പേരെയാണ് കൊച്ചി എന്‍ഐഎ കോടതി ശിക്ഷ വിധിച്ചിരുന്നത്. വിധി പറഞ്ഞ ദിവസം കോടതി പരിസരത്ത് എത്തിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. ഗൂഢാലോചന നടത്തുന്നത് ഇവരിലാരെങ്കിലും പ്രതികളെ സഹായിച്ചോ, പ്രതികള്‍ക്കുള്ള താമസ സൗകര്യം ഇവര്‍ ഒരുക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. കുടക്, മൈസൂര്‍, മംഗലാപുരം എന്നിവടങ്ങളിലാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. 

click me!