ഇസ്രയേൽ തലസ്ഥാനം ജറുസലേം; അമേരിക്കൻ പ്രഖ്യാപനത്തിന് തിരിച്ചടി

By Web DeskFirst Published Dec 22, 2017, 9:43 AM IST
Highlights

വാഷിംഗ്ടണ്‍: ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുള്ള അമേരിക്കൻ പ്രഖ്യാപനത്തിന് ഐക്യരാഷ്ട്രസഭയിൽ തിരിച്ചടി. ഒമ്പതിനെതിരെ 128 വോട്ടിന് അമേരിക്കക്കെതിരായ പ്രമേയം യുഎൻ പൊതുസഭ പാസാക്കി. പ്രമേയത്തെ ഇന്ത്യയും പിന്തുണച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേയും ഇസ്രായേലിന്റേയും കടുത്ത എതിർപ്പ് തള്ളിയാണ് ഇന്ത്യയുൾപ്പെടെയുള്ള 128 രാജ്യങ്ങൾ അമേരിക്കയുടെ ജെറുസലേം പ്രഖ്യാപനത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ചത്.

ഹോണ്ടുറാസ് ഉൾപ്പെടെയുള്ള ഒമ്പത് രാജ്യങ്ങൾ അമേരിക്കക്കൊപ്പം നിന്നു. അതേ സമയം കാനഡ, മെക്സികോ ഉൾപ്പെടെയുള്ള 35 രാജ്യങ്ങൾ പൊതുസഭയിലെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. രക്ഷാസമിതിയിൽ അമേരിക്ക പ്രമേയം വീറ്റോ ചെയ്തതിനെ തുടർന്നാണ് പൊതുസഭ അടിയന്തരമായി വിളിച്ചുചേർത്തത്. ജെറുസലേം പ്രഖ്യാപനത്തെ എതിർത്ത് വോട്ടുചെയ്യുന്നവർക്കുള്ള ധനസഹായം നിർത്തലാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎൻ പൊതുസഭയിൽ  അമേരിക്ക ആവർത്തിച്ചു..

ജറുസേലം തലസ്ഥാനമായി തുടരുമെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വർഷം ആദ്യം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ജെറുസലേം പ്രഖ്യാപനത്തെ തള്ളി ഇന്ത്യ നിലപാടെടുത്തത്. വോട്ടെടുപ്പിന് തൊട്ടുമുന്പ് സൗദി, പലസ്തീൻ പ്രതിനിധികൾ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

click me!