യു പി തെരെഞ്ഞെടുപ്പ്; അവസാനഘട്ടത്തിന്‍റെ പരസ്യപ്രചാരണം ഇന്ന് തീരും

By Web DeskFirst Published Mar 6, 2017, 2:34 AM IST
Highlights

ലഖ്‍നൗ: യുപിയിൽ അവസാന ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അഖിലേഷ് യാദവ് രാഹുൽ ഗാന്ധി കൂട്ടായ്മ ആദ്യം നിറഞ്ഞു നിന്ന ഉത്തർപ്രദേശിലെ പ്രചരണരംഗത്ത് കഴിഞ്ഞ മാസം പകുതിയോടെയാണ് ബിജെപി തിരിച്ചുവരവ് നടത്തിയത്. രണ്ടു മാസത്തിലധികം നീണ്ടു നിന്ന പ്രചരണത്തിനൊടുവിൽ സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമം തന്നെയാണ് കൂടുതൽ പ്രകടമായത്.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ അജണ്ട ഇത്തവണ നിശ്ചയിച്ചത് അഖിലേഷ് യാദവും പിന്നെ രാഹുൽ ഗാന്ധിയുമാണ്. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ അഖിലേഷ് രാഹുൽ സഖ്യം തരംഗമായി മാറുന്ന സൂചനയും കണ്ടു. ദളിത് -മുസ്ലിം ഏകീകരണം എന്ന ഒറ്റ അജണ്ടയിൽ നിന്ന മായാവതിക്കാണ് ഈ കൂട്ടായ്മ ആദ്യ പ്രഹരം ഏല്പിച്ചത്. വികസനവും യുവ ഊർജ്ജവും ഉത്തർപ്രദേശിൽ വിഷയങ്ങളായി. ഡിംപിൾ യാദവിന്റെ ജനസമ്മതിയും പ്രിയങ്കയുടെ ഒരേ ഒരു വരവുമൊക്കെയായി പ്രചരണം മുന്നോട്ടു പോയി. പ്രചരണത്തിന്റെ ആദ്യ 30 ദിനം നയിച്ചത് രാഹുൽ-അഖിലേഷ് കൂട്ടുകെട്ടു തന്നെയായെന്ന് നിസംശയം പറയാം. എന്നാൽ ഫത്തേപൂരിൽ ഫെബ്രുവരി 19ന് നടന്ന മോദി റാലിയോടെ കാര്യങ്ങൾ മാറി മറിഞ്ഞു

സാമുദായിക ധ്രുവീകരണം അവസാന ദിനങ്ങളിൽ ഉത്തർപ്രദേശിൽ നന്നായി പ്രകടമായി. എന്നാൽ ബീഹാറിലേത് പോലുള്ള വിദ്വേഷ അന്തരീക്ഷം കണ്ടില്ല. ബലാൽസംഗകേസിലുൾപ്പെട്ട മന്ത്രി ഗായത്രി പ്രജാപതി ഒളിവിൽ പോയ സംഭവം ബിജെപി ഉപയോഗച്ചു.. വാരാണസിയിലെ കൊട്ടിക്കലാശം ഇന്ത്യൻ രാഷ്ട്രീയത്തിലെ അസാധാരണ കാഴ്ചയായി. ആധുനിക പ്രചാരണ ബഹളങ്ങളിൽ നിന്ന് അകന്ന് പരമ്പരാഗത റാലികളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച മായാവതിയുണ്ടാക്കുന്ന ഏതു നേട്ടവും ഈ തെരഞ്ഞെടുപ്പ് ഇവൻറ് മാനേജ്മെന്റാക്കിയവരെ ഞെട്ടിക്കും.

 

click me!