
വാഷിങ്ടണ്‍: അമേരിക്ക വീണ്ടും ഭരണസ്തംഭനത്തിലേക്ക് നീങ്ങുമെന്ന് സൂചന. മെക്സിക്കൻ മതിലിന്റെ ബില്ല് പാസാക്കാൻ സെനറ്റ് വിസമ്മതിച്ചാൽ ഭരണസ്തംഭനമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്നാണ് ഇത് സംബന്ധിച്ച സെനറ്റിലെ വോട്ടെടുപ്പ്.
100 അംഗ സെനറ്റിൽ 51 അംഗങ്ങളാണ് റിപബ്ലിക്കൻ പാർട്ടിക്ക്. ബിൽ പാസാകാൻ 60 വോട്ടുകൾ വേണം. ഡമോക്രാറ്റ് അംഗങ്ങൾ ബിൽ പിന്തുണക്കില്ലെന്ന് വ്യക്തമായ സ്ഥിതിക്ക് ന്യൂക്ലിയർ ഓപ്ഷൻ നടപ്പാക്കണമെന്ന് പ്രസിഡന്റ് സെനറ്റിലെ റിപബ്ലിക്കൻ നേതാവിനോട് ആവശ്യപ്പെട്ടിരുന്നു. 60 വോട്ടുകൾക്ക് പകരം 51 വോട്ടെന്ന ഭൂരിപക്ഷത്തിന് ബിൽ പാസാക്കാൻ അനുവദിക്കുന്നതാണ് ന്യൂക്ലിയർ ഓപ്ഷൻ.
പക്ഷേ സെനറ്റിലെ റിപബ്ലിക്കൻ പക്ഷത്തിന് അതിനോട് യോജിപ്പില്ല. സെനറ്റ് ബിൽ തള്ളുകയും ഭരണസ്തംഭനം ഉണ്ടാവുകയും ചെയ്താൽ പുതുവർഷം വരെ അത് നീളും. ആഭ്യന്തരസുരക്ഷാവിഭാഗം, ഗതാഗതം, കാർഷികം, നീതിന്യായവിഭാഗം എന്നിവയുടെ പ്രവർത്തനം നിലയ്ക്കും. ഏതാണ്ട് എട്ട് ലക്ഷം തൊഴിലാളികൾക്ക് ശന്പളം നഷ്ടമാവും.
മതിലിന് അനുകൂലമായും വിരുദ്ധമായും ജനങ്ങൾക്കിടയിലും ക്യാംപയിനുകൾ നടക്കുന്നുണ്ട്. റിപബ്ലിക്കൻ ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ ബിൽ പാസാക്കിയിരുന്നു. ജനുവരിയിലാണ് ഡമോക്രാറ്റ് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ അധികാരമേൽക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam