
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമെതിരെ പാക്കിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 20 ഭീകര സംഘടനകളുടെ പട്ടിക യുഎസ് പാക്കിസ്ഥാന് കൈമാറി. ഹഖാനി ശൃംഖലയാണ് പട്ടികയിൽ ഒന്നാമത്. ഹഖാനി, ലഷ്കർ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹർക്കത്തുൽ മുജാഹിദീൻ തുടങ്ങിയ ഭീകരസംഘങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തുന്നവർ, പാക്കിസ്ഥാനെ ലക്ഷ്യമിടുന്നവർ, കാഷ്മീരിൽ ആക്രമണം ആസൂത്രണം ചെയ്യുന്നവർ എന്നിങ്ങനെ മൂന്നുതരം ഭീകരസംഘടനകളെ കുറിച്ച് പട്ടികയിൽ പറയുന്നു. ഹർക്കത്തുൽ മുജാഹിദീൻ, ജയ്ഷെ മുഹമ്മദ്, ലഷ്കർ എന്നിവർ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടാണ് പ്രവർത്തനം. കാഷ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹർക്കത്തുൽ മുജാഹിദീന് കൊല്ലപ്പെട്ട അൽക്വയ്ദ നേതാവ് ഉസാമ ബിൻ ലാദനുമായി ബന്ധമുണ്ടായിരുന്നു.
ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും സജീവവുമായ ഭീകരസംഘടനയായി യുഎസ് വിലയിരുത്തുന്നത് ലഷ്കർ ഇ തൊയ്ബയെയാണ്. 1987ൽ ഹാഫിസ് സയീദ്, അബ്ദുല്ല അസം, സഫർ ഇക്ബാൽ എന്നിവർ ചേർന്നു തുടക്കമിട്ട ലഷ്കറാണ് 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണവും 2008ലെ മുംബൈ ആക്രമണവും ആസൂത്രണം ചെയ്തു നടപ്പാക്കിയത്. ഹർക്കത്തുൽ ജിഹാദി ഇസ്ലാമി, ജമാത്തുൽ അഹ്രർ, ജമാത്തുദ് ദവ അൽ–ഖുറാൻ, തരീഖ് ഗിദാർ ഗ്രൂപ്പ് തുടങ്ങിവയാണ് മറ്റു സംഘടനകൾ. ഭീകരസംഘടനകളുടെ പട്ടിക തെളിവുകളോടെയും വിശദാംശങ്ങളോടെയുമാണ് യുഎസ് കൈമാറിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam