യു.എ.ഇ വിമാനത്തെ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തടഞ്ഞു

By Web DeskFirst Published Jan 15, 2018, 4:46 PM IST
Highlights

ദുബായ്: യു.എ.ഇ യാത്രാ വിമാനത്തെ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തടഞുവെന്ന ആരോപണം.  ബഹറൈനിലെ മനാമയിലേക്കുള്ള യാത്രയ്ക്കിടെ തങ്ങളുടെ യാത്രാ വിമാനത്തെ അന്താരാഷ്ട്ര വ്യോമപാതയില്‍ ഖത്തര്‍ തടഞ്ഞുവെന്നാണ് യു.എ.ഇ ജനറല്‍ അതേരിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആരോപിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്നുവെന്ന് യു.എ.ഇ ആരോപിക്കുന്ന സംഭവം പക്ഷേ ഖത്തര്‍ നിഷേധിച്ചു.

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ്, ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എന്നീ രണ്ട് വിമാന കമ്പനികളാണ് യു.എ.ഇക്ക് ഉള്ളത്. തങ്ങളുടെ ഒരു യാത്രാ വിമാനത്തെ ഖത്തര്‍ തടഞ്ഞുവെന്നാണ് യു.എ.ഇയുടെ ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഏത് വിമാനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. രണ്ട് വിമാനക്കമ്പനികളും ഇക്കാര്യത്തില്‍ പ്രതികരിക്കാനും തയ്യാറായിട്ടില്ല. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഖത്തര്‍ നടത്തുന്നതെന്ന് യു.എ.ഇ ആരോപിച്ചു. അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സ്ഥിരം വ്യോമ പാതയിലൂടെയാണ് യാത്രാ വിമാനം പറന്നതെന്നും ഇത് ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തടഞ്ഞുവെന്നുമാണ് ആരോപണം. മാസങ്ങളായി നിലനില്‍ക്കുന്ന ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി പുതിയ തലങ്ങളിലേക്ക് കടക്കുന്നുവെന്ന സൂചനയും ഈ സംഭവങ്ങള്‍ നല്‍കുന്നു. ആരോപണം പൂര്‍ണ്ണമായും അടിസ്ഥാന രഹിതമാണെന്ന് ഖത്തര്‍ ഭരണകൂടത്തിന്റെ വക്താവ്  സൈഫ് അല്‍ഥാനി പറഞ്ഞു. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ വ്യോമസേനയുടെ സെന്‍ട്രല്‍ കമാന്‍ഡും സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

click me!