
തിരുവനന്തപുരം: പത്തു വര്‍ഷംകൊണ്ട് സംസ്ഥാനത്തെ മദ്യമുക്തമാക്കുമെന്ന വാഗ്ദാനവുമായി യുഡിഎഫിന്റെ പ്രകടന പത്രിക. ഈ സര്‍ക്കാറിന്റെ കാലത്ത് ഇനി ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കു ലൈസന്‍സ് അനുവദിക്കില്ലെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫിന്റെ മദ്യ നയത്തിലെ വ്യവസ്ഥകള്‍ കര്‍ക്കശമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഘട്ടം ഘട്ടമായ മദ്യ നിരോധനത്തിനാണു പ്രകടന പത്രിക ഊന്നല്‍ നല്‍കുന്നത്. നിലവിലുള്ള ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ പുതുക്കി ഫൈവ് സ്റ്റാറാക്കി ക്ലാസിഫിക്കേഷന്‍ നേടിയാലും ബാര്‍ ലൈസന്‍സ് നല്‍കില്ല. ഫൈവ് സ്റ്റാര്‍ ക്ലാസിഫിക്കേഷനു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാലും, സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ചില കര്‍ശന വ്യവസ്ഥകള്‍കൂടി പാലിക്കേണ്ടിവരും. മദ്യത്തെ സംബന്ധിച്ചായിരിക്കും ഇത്. ഇത് എന്താണെന്ന കാര്യം കൂട്ടായി ചര്‍ച്ചചെയ്തു തീരുമാനമെടുക്കും. മദ്യ നിരോധനമെന്ന ലക്ഷ്യത്തിലൂന്നിയായിരിക്കും ഈ വ്യവസ്ഥകള്‍. ഇതില്‍ നിയമപരമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല - മുഖ്യമന്ത്രി പറഞ്ഞു.
ബാര്‍ ലൈസന്‍സ് സംബന്ധിച്ചു പ്രചാരണത്തിനിടെ യുഡിഎഫിനേറ്റ തിരിച്ചടി മറികടക്കുന്നതിനുള്ള നിര്‍ദേശങ്ങളും വാഗ്ദാനങ്ങളുമാണു പ്രകടന പത്രികയുടെ കാതല്‍. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും മുസ്‌ലിം ലീഗും യോഗത്തില്‍ മദ്യ നയം സംബന്ധിച്ചു കര്‍ശനമായ നിലപാടെടുത്തതാണ് പ്രകടനപത്രികയില്‍ ഇക്കാര്യത്തില്‍ കടുത്ത നിലപാടെടുക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്.
റബര്‍ കര്‍ഷകര്‍ക്കും ഏലം കര്‍ഷകര്‍ക്കും റബര്‍ പ്രൊഡക്ഷന്‍ ഇന്‍സന്റീവ് പദ്ധതിയും റബര്‍ സംസ്കരണ വ്യവസായവും തുടങ്ങുംമെന്നു പ്രകടന പത്രിക പറയുന്നു. തൊഴിലുളപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇന്‍ഷ്വറന്‍സ് നല്‍കും. ബിപിഎല്ലുകാര്‍ക്ക് ഏഴു രൂപയ്ക്ക് അരി നല്‍കും. ഇപ്പോള്‍ എട്ടു രൂപയ്ക്കാണ് ഇതു നല്‍കുന്നത്.
നെല്ല്, നാളികേരും സംഭരണ വില ഉയര്‍ത്തും, കര്‍ഷക പെന്‍ഷന്‍ 1000 രൂപയാക്കും, ഭവന രഹിതര്‍ക്ക് അഞ്ചു വര്‍ഷം കൊണ്ടു വീട് തുടങ്ങിയവയാണു മറ്റു പ്രധാന വാഗ്ദാനങ്ങള്‍.
ജോണി നെല്ലൂരിനെ യുഡിഎഫിന്റെ സെക്രട്ടറിയായി ഇന്നത്തെ യോഗത്തില്‍ തെരഞ്ഞെടുത്തു. യുഡിഎഫിന്റെ വെബ്സൈറ്റും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam