
തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് കന്‍റോണ്‍മെന്‍റ് ഹൗസിലാണ് യോഗം. ശബരിമല യുവതീ പ്രവേശനത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഗം. ശബരിമലയില്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ഭിന്നാഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തില്‍ അന്തിമ നിലപാട് ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും.
യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെയുള്ള സമര പരിപാടികളും യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെയുള്ള പ്രതിഷേധമായി കേരളത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കരിദിനം പാര്‍ലമെന്‍റിലും ആചാരിക്കാന്‍ നടത്തിയ നീക്കം മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. കേരളത്തില്‍നിന്നുള്ള എംപിമാരാണ് പാര്‍ലമെന്‍റില്‍ ബുധനാഴ്ച കറുത്ത റിബ്ബണ്‍ വിതരണം ചെയ്തത്. എന്നാല്‍ ഈ നീക്കം ശ്രദ്ധയില്‍ പെട്ടതോടെ സോണിയ തടയുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കറുത്ത റിബ്ബണ്‍ വിതരണം ചെയ്യുന്നത് കണ്ട സോണിയ എംപിമാരോട് കാര്യം അന്വേഷിച്ചപ്പോഴാണ് ശബരിമല യുവതികള്‍ പ്രവേശിച്ചതിലുള്ള പ്രതിഷേധമാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ സോണിയ ഇടപെട്ട് ഇത് തടയുകയായിരുന്നു. 'ലിംഗ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യ'ത്തിനുമൊപ്പമാണ് കോണ്‍ഗ്രസെന്നും സോണിയ പറഞ്ഞതായുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത തള്ളുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചെയ്തത്.
സോണിയാഗാന്ധി എംപിമാരോട് ഒന്നും പറഞ്ഞിട്ടില്ല. ദില്ലിയിലെ ചില സിപിഎം കേന്ദ്രങ്ങള്‍ ദില്ലി ഇന്ത്യന്‍ എക്സപ്രസ്സില്‍ കൊടുത്ത വാര്‍ത്തയാണിത്. അങ്ങനെ ഒരു നിര്‍ദേശം സോണിയ എംപിമാര്‍ക്ക് കൊടുത്തിട്ടില്ല. ഇത്തരം വ്യാജവാര്‍ത്തകള്‍ മാധ്യമങ്ങള്‍ കൊടുക്കുന്നത് ശരിയല്ല. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇവിടെ നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി അറിയാം. അവരോട് ചോദിച്ചിട്ടാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്ന കാര്യത്തില്‍ മുന്നണിക്കുള്ളില്‍ ഭിന്നതയോ ആശയക്കുഴപ്പമോ ഇല്ലെന്നും ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന യുഡിഎഫ് യോഗം തീരുമാനമെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam