
അരക്കോടിയിലധികം വിദേശ തീര്‍ഥാടകരാണ് ഇത്തവണ സൗദിയിലെത്തിയത്. യാത്ര തടസ്സപ്പെട്ട ഖത്തറില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ പണം സൗദിയിലെ ഹോട്ടലുകള്‍ തിരികെ നല്‍കി.
ഇത്തവണത്തെ ഉംറ സീസണ്‍ ആരംഭിച്ചതിനു ശേഷം ഇതുവരെ അമ്പത്തിയേഴു ലക്ഷം വിദേശ തീര്‍ഥാടകര്‍ എത്തിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ അമ്പത്തിരണ്ട് ലക്ഷം തീര്‍ഥാടകരും കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങി. അഞ്ച് ലക്ഷം വിദേശ തീര്‍ഥാടകര്‍ ആണ് നിലവില്‍ മക്കയിലും മദീനയിലുമായി ഉള്ളത്. വിമാനങ്ങള്‍ വഴിയല്ലാതെ, കര, കടല്‍ മാര്‍ഗങ്ങള്‍ വഴിയും തീര്‍ഥാടകര്‍ എത്തുന്നുണ്ട്. കുറ്റവാളികള്‍ക്കും, സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളവര്‍ക്കും ഉംറ വിസയടിക്കാതിരിക്കാന്‍ വിദേശ രാജ്യങ്ങളില്‍ തന്നെ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരക്കാരെ കണ്ടെത്താന്‍ നൂറ്റി നാല്‍പ്പത്തിയെട്ടു രാജ്യങ്ങളില്‍ നൂതന സാങ്കേതിക സംവിധാനങ്ങളോടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വിരലടയാള പരിശോധനയിലൂടെയും മറ്റുമാണ് ഇങ്ങനെയുള്ളവരെ കണ്ടെത്തുക. അതേസമയം പുതിയ സാഹചര്യത്തില്‍ ഉംറ യാത്ര വെട്ടിച്ചുരുക്കുകയോ റദ്ദാക്കുകയോ ചെയ്ത ഖത്തര്‍ പൌരന്മാര്‍ക്ക് മക്കയിലും മദീനയിലുമുള്ള ഹോട്ടലുകള്‍ പണം തിരികെ നല്‍കി. അഡ്വാന്‍സ് പണം നല്‍കി പുണ്യസ്ഥലങ്ങളില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്തവര്‍ക്കാണ് പണം തിരികെ ലഭിച്ചത്. ഇങ്ങനെയുള്ളവരുടെ പണം തിരിച്ചു നല്‍കണമെന്ന് നേരത്തെ സൗദി ടൂറിസം വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഖത്തര്‍ പൌരന്മാരെ ഹോട്ടലുകളില്‍ നിന്ന് പുറത്താക്കി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ടൂറിസം വകുപ്പ് പ്രസിഡന്റ് പറഞ്ഞു. പലരും ഉംറ യാത്ര സ്വയം വെട്ടിച്ചുരുക്കുകയോ റദ്ദാക്കുകയോ ആയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam