
ജിദ്ദ: അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഇരുപത്തിനാല് മണിക്കൂറിനകം നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ വെച്ച് അനുമതിപത്രമില്ലാത്ത ലക്ഷക്കണക്കിന് പേരെ പോലീസ് പിടികൂടി. ഹജ്ജിനുള്ള അനുമതിപത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടു ലക്ഷത്തോളം പേര്‍ പ്രവേശന കവാടങ്ങളില്‍ വെച്ച് ഇതുവരെ പോലീസ് പിടിയിലായി.
നിയമവിരുദ്ധമായി തീര്‍ഥാടകരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു ലക്ഷത്തോളം വാഹനങ്ങളും പിടികൂടി. ഇരുപത്തിരണ്ട് വ്യാജ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തി. അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും യാത്രാ സഹായം ചെയ്യുന്നവര്‍ക്കെതിരെയും ഇരുപത്തിനാല് മണിക്കൂറിനകം നടപടി സ്വീകരിക്കുമെന്ന് ജയില്‍ മേധാവി മുഹമ്മദ് അല്‍ ആന്‍സി മുന്നറിയിപ്പ് നല്‍കി.
പിഴയും തടവും നാടുകടത്തലുമാണ് ഇത്തരം കുറ്റങ്ങള്‍ക്ക് വിദേശികള്‍ക്ക് ലഭിക്കുന്ന ശിക്ഷ. പത്ത് വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. മക്കയുടെ ചുറ്റുഭാഗത്തായി ഒമ്പത് ചെക്ക് പോയിന്റുകള്‍ ആണ് ഉള്ളത്. മക്കാ റോഡിലൂടെ തായിഫ്, റിയാദ് തുടങ്ങിയ നഗരങ്ങളിലേക്ക് പോകുന്നവര്‍ ചെക്ക് പോയിന്റുകള്‍ ഒഴിവാക്കി പോകണമെന്ന് സുരക്ഷാ വിഭാഗം നിര്‍ദേശിച്ചു.
ഇരുപത്തിയേഴായിരം സുരക്ഷാ സൈനികരെയാണ് പ്രവേശന കവാടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. ഹജ്ജ് വേളയില്‍ മുദ്രാവാക്യങ്ങളോ ഉച്ചത്തിലുള്ള ശബ്ദ കോലാഹലങ്ങളോ അനുവദിക്കില്ലെന്ന് ഹജ്ജ് സുരക്ഷാ വിഭാഗം മേധാവി ഖാലിദ് അല്‍ ഹര്ബി അറിയിച്ചു. ഹജ്ജ് കര്‍മങ്ങള്‍ ശനിയാഴ്ച ആരംഭിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam