
മോസ്കോ: നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഈജിപ്ത് ലോകകപ്പില്‍ പന്തു തട്ടാനൊരുങ്ങുമ്പോള്‍ അതിന് അവര്‍ കടപ്പെട്ടിരിക്കുന്നത് മുഹമ്മദ് സലായെന്ന വീരപുരുഷനോടാണ്. യോഗ്യതാ റൗണ്ടില്‍ കോംഗോയ്ക്കെതിരെ നാടകീയ ജയം സ്വന്തമാക്കിയാണ് ഈജിപ്ത് ലോകകപ്പിനെത്തിയത്.
2017, ഒക്ടോബര്‍ എട്ടിനായിരുന്നു ഈ തലമുറയിലെ ഒറ്റ ഈജിപ്തുകാരനും മറക്കാത്ത ആ മത്സരം. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ കോംഗോക്കെതിരെ നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഈജിപ്ഷ്യന്‍ സുല്‍ത്താനെന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന മുഹമ്മദ് സലായുടെ കാലുകളിലായിരുന്നു ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷയും.
സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയുംപേറി പന്തുതട്ടിയ സലാ 63-ാം മിനിട്ടില്‍ ഈജിപ്ത് കാത്തിരുന്ന ഗോള്‍ നേടി.
ആ ഗോളിന്റെ ആവേശത്തില്‍ ഈജിപ്ത് മതിമറന്നു. പക്ഷെ അവരുടെ ആഘോഷത്തിന് അധികം ആയുസുണ്ടായില്ല. മത്സരം തീരാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെ കോംഗോയുടെ അര്‍നോള്‍ഡ് ബൗക്കാമോട്ടോ ഈജിപ്തിന്റെ ഹൃദയം തകര്‍ത്ത് സമനില ഗോള്‍ നേടി. ഒരു ജനതയുടെ മുഴുവന്‍ ശ്വാസം നിലച്ച നിമിഷം.
മുഹമ്മദ് സലാ പൊട്ടിക്കരഞ്ഞ് മൈതാനത്തേക്ക് വീണു. പടക്കളത്തില്‍ തോറ്റ പോരാളിയെപ്പോലെ. ആ രാജ്യം മുഴുവന്‍ അപ്പോള്‍ സലാക്കൊപ്പം കരഞ്ഞു. മത്സരം അധികസമയത്തേക്ക് നീണ്ടു. അധികസമയത്തെ മൂന്നാം മിനിട്ടില്‍ ഈജിപ്തിന്റെ പ്രാര്‍ഥന ദൈവം കേട്ടു. കോംഗോ താരം ബരാംഗര്‍ ഇട്ടോവ ഈജിപ്തിന്റെ മെഹ്മദ് ഹസനെ ബോക്സിനുള്ളില്‍ തള്ളി വീഴ്ത്തി.
കളിക്കാര്‍ക്കൊപ്പം ഗ്യാലറി മുഴുവന്‍ പെനല്‍റ്റിക്കായി അലറിവിളിച്ചു. തികച്ചും ന്യായമായ ആ വിളി കേള്‍ക്കാതിരിക്കാന്‍ റഫറിക്കും ആവുമായിരുന്നില്ല.
റഫറി പെനല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടിയപ്പോള്‍ ഗ്യാലറി പൊട്ടിത്തെറിച്ചു. കിക്കെടുക്കാന്‍ എത്തുന്നത് തങ്ങളുടെ വീരപുത്രന്‍ മുഹമ്മദ് സലാ തന്നെ. എല്ലാ കണ്ണുകളും സലായിലേക്ക്. ഇരുകൈകളും മേല്‍പ്പോട്ടുയര്‍ത്തി ഈജിപ്ത് മുഴുവന്‍ പ്രാര്‍ഥനാനിര്‍ഭരമായ നിമിഷം.
പോസ്റ്റിന് 12വാര അകലെ സലായുടെ കാല്‍സ്പര്‍ശമേല്‍ക്കാന്‍ കാത്തുനില്‍ക്കുന്ന പന്ത്. ഓടിയടുത്ത സലാ ഇടംകാല്‍കൊണ്ട് പന്തിനെ ഗോള്‍ പോസ്റ്റിന്റെ വലതുമൂലയില്‍ നിക്ഷേപിച്ചു. വലത്തേക്ക് ചാടിയ ഗോള്‍ കീപ്പര്‍ക്ക് ഒരവസരവും നല്‍കാതെ. അങ്ങനെ മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ഈജിപ്ത് റഷ്യയിലേക്ക് ടിക്കറ്റെടുത്തു. മുഹമ്മദ് സലായെന്ന ഈജിപ്തിന്റെ ദേശീയ നായകന്‍ അവിടെ ഉദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam