വിജയത്തിലും ഷോക്ക് ട്രീറ്റ്മെന്‍റ് കിട്ടി ലീഗ്

Published : Oct 15, 2017, 10:33 AM ISTUpdated : Oct 05, 2018, 03:35 AM IST
വിജയത്തിലും ഷോക്ക് ട്രീറ്റ്മെന്‍റ് കിട്ടി ലീഗ്

Synopsis

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും ഉറച്ച യുഡിഎഫ് കോട്ടകളിലൊന്നായ വേങ്ങര നിലനിര്‍ത്തിയെങ്കിലും വലിയ ചോദ്യങ്ങളാണ് ഈ വിജയം ലീഗിനെതിരെ ഉയര്‍ത്തുന്നത്.  സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഫലത്തിലും പ്രതിഫലിച്ചു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടി നേടിയ 38,057 എന്ന മൃഗീയ ഭൂരിപക്ഷത്തിന്‍റെ അയലത്ത് പോലും എത്താന്‍ ഖാദറിന്‍റെ ഭൂരിപക്ഷത്തിനായില്ല. അന്ന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കുറഞ്ഞ വോട്ട് നേടിയ അതേ പി.പി.ബഷീറാണ് ഇന്ന് ഖാദറിന്‍റെ വിജയത്തിന് മാറ്റ് കുറച്ചത് എന്നതും ശ്രദ്ധേയം. 23,310 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണ് ഖാദർ നേടിയത്. കുഞ്ഞാലിക്കുട്ടിയേക്കാൾ 14,747 വോട്ടിന്‍റെ കുറവ്.

സ്ഥാനാർഥി നിർണയത്തിൽ പോലും മുൻപ് എങ്ങും കണ്ടിട്ടില്ലാത്ത അനിശ്ചിതത്വമായിരുന്നു ലീഗിൽ. കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനായ യു.എ.ലത്തീഫിന്‍റെ പേരായിരുന്നു വേങ്ങരയിൽ അവസാനം വരെ മുഴങ്ങി കേട്ടത്. എന്നാൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗത്തിന് തൊട്ടു മുൻപ് നടന്ന അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഖാദർ വേങ്ങര ടിക്കറ്റ് ഉറപ്പിച്ചത്. സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ താത്പര്യം മറികടന്ന് ഖാദറിന്‍റെ സമ്മർദത്തിന് വഴങ്ങുകയായിരുന്നു.

പിന്നെയുമുണ്ടായിരുന്നു പ്രശ്നങ്ങൾ. വേങ്ങരയിൽ യുവാക്കൾക്ക് അവസരം നൽകണമെന്ന് യൂത്ത് ലീഗിന്‍റെ ശക്തമായ ആവശ്യത്തിന് പാർട്ടി ഒരിക്കൽ പോലും മുഖം കൊടുത്തില്ല. യുവാക്കൾക്കിടയിൽ മികച്ച സ്വാധീനമുള്ള യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ.ഫിറോസിനെ വേങ്ങരയിൽ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം വാദിച്ചിരുന്നു. എന്നാൽ കുഞ്ഞാലിക്കുട്ടി-ഖാദർ സമ്മർദ്ദങ്ങൾക്കിടയിൽ ഒരിക്കൽ പോലും ഫിറോസ് എന്ന പേര് ഉയർന്ന് വന്നില്ല.

ഈ സാഹചര്യങ്ങളെല്ലാം മുഴച്ചുനിന്ന പ്രചരണമാണ് വേങ്ങരയിൽ നടന്നത്. യുവജന സംഘടനകൾ പ്രചരണത്തിൽ സജീവമല്ലെന്ന് വ്യാപക പരാതി ഉയർന്നതോടെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും എല്ലാം കൂടി ഒരു തവണ കൊടി ഉയർത്തി പ്രകടനം നടത്തി. യുഡിഎഫിന്‍റെ പ്രമുഖരെല്ലാം വേങ്ങരയിൽ എത്തിയെങ്കിലും അതൊന്നും ഫലത്തിൽ വോട്ടായില്ല എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എൽഡിഎഫ് ആകട്ടെ മുഖ്യമന്ത്രി തൊട്ട് മന്ത്രിമാരെല്ലാം വേങ്ങരയിലെത്തി കൃത്യമായ പ്രചാരണം നടത്തുകയും ചെയ്തു. മണ്ഡലത്തിലെ യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ എ.ആർ.നഗർ പഞ്ചായത്തിൽ പോലും ലീഗിന് വോട്ട് പിടിച്ചുനിർത്താൻ കഴിഞ്ഞില്ല.

ലീഗിന്‍റെ കണക്കിലെ തിരിച്ചടി ഇവിടെയും തീരുന്നില്ല. ഇ.അഹമ്മദിന്‍റെ മരണത്തിന് ശേഷം നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നേടിയത് 40,529 ഭൂരിപക്ഷമായിരുന്നു. ഈ കണക്കുകളെല്ലാം പരിശോധിക്കുന്പോൾ എൽഡിഎഫ് വിജയ സമാനമായ പരാജയമാണ് വേങ്ങരയിൽ നേടിയതെന്ന് പറയേണ്ടി വരും. ലീഗിന് വേങ്ങര നൽകിയത് ചരിത്രത്തിലെ ഏറ്റവും ചെറിയ വിജയവും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം