പാകിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം; കുല്‍ഭൂഷണ്‍ ജാദവ് കേസ് ഇനി അന്താരാഷ്ട്ര കോടതിയില്‍

By Web DeskFirst Published May 10, 2017, 11:56 AM IST
Highlights

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് അന്താരാഷ്‌ട്ര നീതിന്യായ കോടതി ഇന്ത്യയുടെയും പാകിസ്ഥാന്റെയും വാദം തിങ്കളാഴ്ച കേള്‍ക്കാന്‍ തീരുമാനിച്ചു. ഹരീഷ് സാല്‍വെ ഇന്ത്യക്കായി വാദിക്കും. പാകിസ്ഥാന്റെ അധികാരപരിധിയില്‍ മാത്രമുള്ള വിഷയമാണെന്ന് പാക് പ്രതിരോധമന്ത്രി വ്യക്തമാക്കി. സ്റ്റേ ഉത്തരവ് ലംഘിക്കരുതെന്ന് ഇന്ത്യ പാകിസ്ഥാന്‍ മുന്നറിയിപ്പു നല്കി.
 
ചാരനെന്ന് ആരോപിച്ച് നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്ഥാന്‍ സൈനിക കോടതി വിധി ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തെ തുടര്‍ന്ന് അന്താരാഷ്‌ട്ര നീതിന്യായ കോടതി തടഞ്ഞിരുന്നു. അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ചട്ടം 74(4) പ്രകാരം ഇതനുസരിക്കാന്‍ പാകിസ്ഥാന് ബാധ്യതയുണ്ട്. വധശിക്ഷ നിറുത്തിവയ്‌ക്കാന്‍ ആവശ്യപ്പെടുന്ന ഉത്തരവ് അന്താരാഷ്‌ട്ര കോടതി പാകിസ്ഥാന്‍ പ്രസിഡന്റിന് എത്തിച്ചു. തിങ്കളാഴ്ച കോടതി ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും വാദം കേള്‍ക്കും. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഇന്ത്യക്കായി വാദിക്കും. കുല്‍ഭൂഷണ് ശിക്ഷ നല്കുന്നത് പാകിസ്ഥാന്‍റെ അധികാര പരിധിയില്‍ പെടുന്നകാര്യമാണെന്ന് പാക് പ്രതിരോധമന്ത്രി ക്വാജ ആസിഫ് പ്രതികരിച്ചു. അതേസമയം സ്റ്റേ ലംഘിക്കരുതെന്ന് പാകിസ്ഥാന് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്കി

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കാത്തത് വിയന്നചട്ടങ്ങളുടെ ലംഘനമാകും എന്ന ഒരു ചെറിയ പഴുത് ഉപയോഗിച്ചാണ് ഇന്ത്യ അന്താരാഷട്ര കോടതിയില്‍ എത്തിയത്. കുല്‍ഭൂഷന്റെ അമ്മയ്‌ക്ക് പാകിസ്ഥാനിലേക്ക് പോകാനുള്ള വിസയും പാകിസ്ഥാന്‍ നല്കിയിട്ടില്ല. ജമ്മുകശ്‍മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ വരാതിരിക്കാന്‍ സാധാരണ ഒരു വിഷയത്തിനും അന്താരാഷ്‌ട്ര കോടതിയിലെത്താത്ത ഇന്ത്യ കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ ഇത് മാറ്റിവയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുടെ ഈ അപ്രതീക്ഷിത നീക്കം എന്തായാലും പാകിസ്ഥാന്‍ സൈന്യത്തെയും ഭരണകൂടത്തെയും ഞെട്ടിച്ചിരിക്കുകയാണ്. 

click me!