
തിരുവനന്തപുരം: ടോമിൻ തച്ചങ്കരിയെ കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നും മാറ്റിയതിന് പിന്നാലെ തച്ചങ്കരി കൊണ്ടുവന്ന ഡ്യൂട്ടി പരിഷ്ക്കാരങ്ങളും യൂണിയൻ ഇടപെട്ട് മാറ്റിത്തുടങ്ങി. ഡ്രൈവർ കം കണ്ടക്ടർ ജോലി ചില റൂട്ടുകളിൽ മാറ്റി. തിരുവനന്തപുരത്ത് രാവിലെ ജോലിക്കെത്തിയ ജീവനക്കാരനെ ബസ്സിൽ നിന്നും ഇറക്കിവിട്ടു.
തച്ചങ്കരി മാറിയതോടെ യൂണിയൻ നേതാക്കൾ കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് തിരിച്ചെത്തുന്നു .. തച്ചങ്കരി കൊണ്ടുവന്നതും യൂണിയനുകൾ ശക്തമായി എതിർത്തതുമായ ഡ്രൈവർ കം കണ്ടക്ടർ അഥവാ ഡിസി സമ്പ്രദായം മാറ്റിത്തുടങ്ങി. പുലർച്ചെ തിരുവനന്തപുരം-പാലക്കാട് റൂട്ടിലെ സ്കാനിയ ബസ്സിൽ ജോലിക്കെത്തിയ ജിനോ എന്ന ഡിസി ജീവനക്കാരനോടാണ് ഇൻസ്പെക്ടർമാർ ജോലിക്ക് പോകേണ്ട എന്ന് പറഞ്ഞു വിലക്കിയത് .
തിരുവനന്തപുരം- പാലക്കാട് അടക്കമുള്ള റൂട്ടുകളിൽ ഡിസി ഡ്യൂട്ടി നിർത്തിയതായി ഡിടിഒ രജിസ്റ്ററിൽ എഴുതി. ദീർഘദൂര സർവ്വീസുകളിൽ ഡ്രൈവർ കണ്ടക്ടറായും കണ്ടക്ടർ തിരിച്ചു ഡ്രൈവറായും ജോലി ചെയ്യുന്ന രീതിയാണ് ഡിസി. അപകടം കുറക്കാനും വരുമാനം കൂട്ടാനും ഈ രീതി സഹായിച്ചിരുന്നു. തച്ചങ്കരിയെ മാറ്റിയതോടെയാണ് കണ്ടക്ടർ കണ്ടക്ടറുടെ ജോലിയും ഡ്രൈവർ വണ്ടി ഓടിച്ചാലും മതിയെന്ന പഴയരീതിയിലേക്ക് കെഎസ്ആർടിസ് പോകുന്നത് .
എന്നാൽ ജിനോക്ക് ജോലി നിഷേധിച്ചതിൽ പങ്കില്ലെന്നാണ് യൂണിയനുകളുടെ വിശദീകരണം . എന്നാൽ എട്ടുമണിക്കൂറിൽ താഴെയുള്ള സർവ്വീസുകളിൽ ഡിസി ആവശ്യമില്ലെന്നും യുണിയനുകൾ അറിയിച്ചു. വിവാദത്തെ കുറിച്ച് പ്രതികരിക്കാൻ തച്ചങ്കരി തയ്യാറായില്ല. തിരുവനന്തപുരം ഡിടിഒയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.
തച്ചങ്കരിയുടെ ഡ്യൂട്ടി പരിഷ്ക്കാരങ്ങൾ ഭരണ-പ്രതിപക്ഷ യൂണിയനുകൾക്കിടയിൽ കടുത്ത എതിർപ്പിനു കാരണമായിരുന്നു. ബസ് വാടകക്കെടുക്കലും മിന്നൽ സമരം മൂലമുള്ള നഷ്ടം യൂണിയൻ നേതാക്കളുടെ ശമ്പളത്തിൽ നിന്നും പിടിക്കാനുള്ള തീരുമാനവുമെല്ലാം തച്ചങ്കരിയെയും യൂണിയനുകളെയും ഇരു ചേരിയിലാക്കിയിരുന്നു. ഡ്യൂട്ടി പരിഷ്കരണം, വേതനപരിഷ്കരണം, താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലുൾപ്പടെയുള്ള കാര്യങ്ങളിൽ മുന്‍ സിഎംഡിയുടെ തീരുമാനങ്ങള്‍ യൂണിയനുകള്‍ എതിര്‍ത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam