
ചെന്നൈ: മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ അറസ്റ്റിലായ എസ്ആർഎം യൂണിവേഴ്സിറ്റി ചെയർമാനെതിരെ വീണ്ടും സാമ്പത്തികതട്ടിപ്പാരോപിച്ച് കേസുകൾ. ചെന്നൈ ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഒരു വ്യവസായിയാണ് ടി ആർ പച്ചമുത്തുവിനെതിരെ പരാതി നൽകിയത്. ഇന്നലെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ പച്ച മുത്തുവിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
തമിഴ്നാട്ടിൽ മെഡിക്കൽ സീറ്റുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 75 കോടി രൂപ തട്ടിയെടുത്ത കേസിലാണ് എസ്ആർഎം ഗ്രൂപ്പ് ചെയർമാനെ സിബിസിഐഡി അറസ്റ്റ് ചെയ്തത്. എസ് ആർ എം സർവകലാശാലയിലെ മെഡിക്കൽ സീറ്റ് വാഗ്ദാനങ്ങൾ ചെയ്ത് ലക്ഷങ്ങളും കോടികളും വാങ്ങിയെന്നാരോപിച്ച് 109 കേസുകളാണ് പച്ചമുത്തുവിനും മുമ്പ് എസ്ആർഎം ഗ്രൂപ്പിന്‍റെ അഡ്മിഷൻ ഏജന്‍റായിരുന്ന മദനുമെതിരെ പല വിദ്യാർഥികളും നൽകിയത്.
എസ്കേപ്പ് ആർട്ടിസ്റ്റ്സ് മോഷൻ പിക്ചേഴ്സ് എന്ന പേരിൽ സാമ്പത്തികവിജയം നേടിയ ഒട്ടേറെ ചിത്രങ്ങളുടെ നിർമ്മാതാവു കൂടിയാണ് വേധാർ മദൻ എന്നറിയപ്പെടുന്ന മദൻ എന്ന മലയാളി. പച്ചമുത്തുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാളെ മെയ് 27 ന് കാണാതായിരുന്നു. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം തുടരുന്നതിനിടെയാണ് പൊലീസ് പച്ചമുത്തുവിനെയും അറസ്റ്റ് ചെയ്തത്.
ഇതിനിടെ പച്ചമുത്തുവിനെതിരെ കേസുകളുമായി കൂടുതൽ പേർ രംഗത്തെത്തി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുടമയാണ് പച്ചമുത്തുവിനെതിരെ ചെന്നൈ കമ്മീഷണറോഫീസിലെത്തി പരാതി നൽകിയത്. ഓഹരികൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പുതിയ ആരോപണം. ഇന്നലെ അറസ്റ്റ് ചെയ്ത പച്ചമുത്തുവിന് അവശത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിന് ശേഷം മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ പച്ചമുത്തുവിനെ പതിന്നാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam