ഇത്രയും വർഷത്തെ പ്രതികാരത്തോടെ കാത്തിരുന്നത് എന്തിനാണെന്ന കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടത്. പ്രതിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
ശ്രീനഗർ: കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുളളക്ക് നേരെയുണ്ടായ വധശ്രമത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 20 വർഷമായി ഫറൂഖ് അബ്ദുള്ളയെ കൊലപ്പെടുത്താൻ കാത്തിരിക്കുകയായിരുന്നു എന്നാണ് പിടിയിലായ അക്രമി കമൽ സിംഗ് ജംവാൽ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. നിലവിൽ ഇയാൾക്ക് ഭീകരബന്ധം ഒന്നുമില്ലെന്നാണ് പൊലീസിന്റെ നിഗമനം. അതേ സമയം സംഭവത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതിൽ ഫറൂഖ് അബ്ദുള്ളയുടെ കഴുത്തിന് തൊട്ടരികെ വരെ തോക്കുമായി എത്തുന്നതായി കാണാം. നിറയൊഴിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു. ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന അവസ്ഥയിലായിരുന്നു. എന്നാൽ എന്തിനാണ് വധശ്രമം നടത്തിയത് എന്ന കാര്യത്തിൽ പൊലീസ് കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല. കമൽ സിംഗ് ജംവാൽ കടകൾ നടത്തി ഉപജീവനം നടത്തുന്നയാളാണ്. മൂന്ന് കടകളുള്ളതിൽ രണ്ടെണ്ണം വാടകക്ക് നൽകിയിരിക്കുകയാണ്. ഇത്രയും വർഷത്തെ പ്രതികാരത്തോടെ കാത്തിരുന്നത് എന്തിനാണെന്ന കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടത്. പ്രതിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
