ജാതി വ്യവസ്ഥയെ പിന്തുണച്ചെന്ന് ആരോപിച്ച് പ്രതിഷേധം; ഘാന സര്‍വകലാശാലയിലെ ഗാന്ധി പ്രതിമ നീക്കി

By Web TeamFirst Published Dec 13, 2018, 3:13 PM IST
Highlights

2016 സെപ്റ്റംബറില്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍മാര്‍ ഗാന്ധി മസ്റ്റ് ഫാള്‍' മൂവ്മെന്‍റ്  എന്ന പേരില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ജാതി വ്യവസ്ഥയെ അംഗീകരിക്കുന്നയാളാണ് ഗാന്ധി എന്ന ആരോപിച്ചാണ് പ്രതിഷേധങ്ങള്‍ നടന്നിരുന്നത്

ആക്ര: ഘാന സര്‍വകലാശാല ക്യാമ്പസില്‍ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ നീക്കി. വിദ്യാര്‍ഥികളും അധ്യാപകരും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രതിമ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ക്യാമ്പസിലെ റേഡിയോ യൂണിവേഴ്സലിനെ ഉദ്ധരിച്ച് സ്ക്രോള്‍ ഇന്‍ ആണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, എപ്പോഴാണ് ഗാന്ധി പ്രതിമ നീക്കിയതെന്ന കാര്യം വ്യക്തമല്ല. 2016 സെപ്റ്റംബറില്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍മാര്‍ 'ഗാന്ധി മസ്റ്റ് ഫാള്‍ മൂവ്മെന്‍റ് ' എന്ന പേരില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ജാതി വ്യവസ്ഥയെ അംഗീകരിക്കുന്നയാളാണ് ഗാന്ധി എന്ന് ആരോപിച്ചാണ് പ്രതിഷേധങ്ങള്‍ നടന്നിരുന്നത്.

കറുത്ത വര്‍ഗക്കാരായ ആഫ്രിക്കക്കാരേക്കാള്‍ ഇന്ത്യക്കാര്‍ എന്ത് കൊണ്ടും ശ്രേഷ്ഠരാണെന്നുള്ള ഗാന്ധിയുടെ വാക്കുകള്‍ എടുത്താണ് പ്രതിഷേധക്കാര്‍ പ്രതിമ നീക്കണമെന്ന വാദം ഉന്നയിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആഫ്രിക്കന്‍ സയന്‍സ് ഡയറക്ടര്‍ അകോസോ അഡോമോക്കോ ആംപോഫോ ആണ് പ്രതിഷേധങ്ങള്‍ നയിച്ചത്.

ഇതോടെ 2016 ജൂണില്‍ ഇന്ത്യന്‍ പ്രസിഡന്‍റായിരുന്ന പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്ത പ്രതിമ നീക്കാന്‍ ഇതോടെ സര്‍വകലാശാല തീരുമാനിച്ചിരുന്നു. മുകളില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിമ നീക്കിയതെന്നാണ് തൊഴിലാളികള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. നേരത്തെ 2013ലും ഗാന്ധിക്കെതിരെ ആഫ്രിക്കന്‍ തലസ്ഥാനമായ ജെഹാനാസ്ബര്‍ഗില്‍ സമാന പ്രതിഷേധങ്ങള്‍ നടന്നിരുന്നു. 

click me!