സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് അജ്ഞാതസംഘം പണം തട്ടിയെന്ന് പരാതി

By Web DeskFirst Published Jul 20, 2016, 6:28 PM IST
Highlights

സിംഗപ്പൂരിലെ പ്രമുഖ കമ്പനിയുടെ വിവിധ തസ്തികകളിലേക്കുള്ള വിസക്ക് പണംനല്‍കിയ മൂന്ന് പേരാണ് കബളിപ്പിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.  വിസക്കായി തുടക്കത്തില്‍ മെഡിക്കല്‍ ക്ലിയറന്‍സിനായുള്ള 6000 രൂപയൊഴികെ മറ്റൊന്നും വേണ്ടെന്നും പണം സിംഗപ്പൂരില്‍ എത്തിയ ശേഷം മാത്രം നല്‍കിയാല്‍ മതിയെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ പിന്നീട് 60,000 രൂപ വേണമെന്നായി. ഇതില്‍ 24,000 രൂപ മൂവരും ചേര്‍ന്ന് നല്‍കി. പകരം ഓഫര്‍ ലെറ്ററും വിസയും ലഭിച്ചു.  പക്ഷെ സംഘത്തെ നേരില്‍കാണാനുള്ള ശ്രമങ്ങളൊന്നും നടന്നതുമില്ല.  ഏറ്റവുമൊടുവില്‍ ഈ മാസം 28ന് ടിക്കറ്റ് റെഡിയാകുമെന്നും ഉടന്‍ പണം അക്കൗണ്ടിലിടണമെന്നും അറിയിപ്പ് വന്നു.  

എന്നാല്‍ നേരിട്ട് കാണാതെ പണം തരാനാവില്ലെന്ന് പറഞ്ഞതോടെ തര്‍ക്കമായി.  പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കിട്ടിയ വിസ വ്യാജമാണെന്ന് യുവാക്കള്‍ക്കും കുടുംബത്തിനും മനസ്സിലായത്. പിന്നീടുള്ള ഫോണ്‍ വിളികളില്‍ ആദ്യം 24,000 രൂപ ടിക്കറ്റിന് ആവശ്യപ്പെട്ട സംഘം അവസാനം ഉള്ള തുക അക്കൗണ്ടിലിടാനാണ് ആവശ്യപ്പെടുന്നത്.  ചെന്നൈയില്‍ വെച്ച് നടന്ന മെഡിക്കല്‍ ക്ലിയറന്‍സ് ടെസ്റ്റിലടക്കം ഒരിട്ടത്തും വെച്ചും നേരിട്ട് കാണാന്‍ സംഘം തയാറായില്ല. ബഷീര്‍ എന്ന് പേരുള്ളയാളുടെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ വിലാസങ്ങളില്‍ നിന്നാണ് ഇടപാടുകള്‍ മുഴുവന്‍.

തങ്ങളുടേതിന് സമാനമായി കേരളത്തിലുടനീളം നിരവധി പേരും തട്ടിപ്പിനിരയായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.  ഫേസ്ബുക്ക് വഴിയും മറ്റുമുള്ള ജോലി വാഗ്ദാനങ്ങളിലെ ചതിക്കുഴികളിലേക്ക് കൂടിയാണ് സംഭവം വിരല്‍ ചൂണ്ടുന്നത്.

click me!