
കാസർകോട്: മടിക്കൈയിൽ നടന്ന പുരനിറഞ്ഞ പുരുഷന്മാർ എന്ന സംഗമം നേരത്തെ വാര്‍ത്തയായിരുന്നു. വിവാഹ പ്രായമായിട്ടും പെണ്ണുകിട്ടാത്തവരുടെ സംഗമമായിരുന്നു അത്. സംഗമത്തില്‍ താരമായത് വെള്ളരിക്കുണ്ടിലെ ചന്ദ്രുവായിരുന്നു. വിവാഹം കഴിക്കാനായി വധുവിനെ തേടിയലഞ്ഞ് ഒടുവിൽ പെണ്ണിനെകിട്ടാത്ത വിഷമത്തിൽ ചന്ദ്രു ഒരുകല്യാണ കത്ത് തയ്യാറാക്കി. തന്‍റെ പരാതികളും പരിഭവങ്ങളും എല്ലാം തുറന്നു കാണിച്ച് ഒരു കല്യാണ കത്തായിരുന്നു അത്. തന്‍റെ വ്യത്യസ്ഥമായ ഈ കല്യാണ കത്ത് ചന്ദു ഫേസ്ബുക്ക് വഴിയാണ് പുറത്തുവിട്ടത്. അടുത്ത സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. തന്റെ ഫേസ്ബുക്കില്‍ ചന്ദ്രു ഇട്ട കുറിപ്പ് ഇങ്ങനെ...
*ക്ഷണക്കത്ത്*
സുഹൃത്തെ/ബന്ധുജനങ്ങളെ,
ഞാൻ വിവാഹിതനാവുകയാണ്.
അടുത്ത മാസം നാലാം തീയതി ഞായറാഴ്ച പകൽ പത്തു മണിക്കാണ് ചടങ്ങ്.
എല്ലാവരും കുടുംബസമേതം കൃത്യ സമയത്ത് എത്തുമല്ലോ.
വധുവിനെ പരിചയപ്പെടുത്തട്ടെ,
വീടിന്റെ വടക്കുഭാഗത്ത് തല ഉയത്തി നിൽക്കുന്ന വരിക്കപ്ലാവാണ് വധു.
വിവാഹത്തിന് വലിയ ചടങ്ങുകളോ
ആർഭാടങ്ങളോ ഒന്നുമില്ല
അവൾ കുറേ പഴുത്ത പ്ലാവിലകൾ പൊഴിച്ചു തരും
ഞാനത് മാലയാക്കി അവൾക്ക് ചാർത്തും. വന്നവർക്കെല്ലാം ചക്കയുപ്പേരി വിളമ്പും ശുഭം!
ചരക്കെടുക്കാൻ തുണിക്കടയിലൊ
സ്വർണ്ണം വാരാൻ ജൂവലറിയിലൊ പോയില്ല
തേഞ്ഞു തീർന്ന ചെരുപ്പു മാറ്റി പുതിയൊരെണ്ണം വാങ്ങി അതു മാത്രം..
ജീവിതത്തിൽ
എന്റെ ഈ തീരുമാനത്തെ ഒരു സാഹസമായി കാണേണ്ടതില്ല
എല്ലാം ഒത്തുവന്നത് ഇപ്പഴാണ്
വരനെക്കുറിച്ച് അവൾക്ക് വേവലാതികൾ ഉണ്ടായിരുന്നില്ല; ചോദ്യങ്ങളും..
സർക്കാർ ഉദ്യോഗമോ
അഞ്ചക്ക ശമ്പളമോ
ബാങ്ക് ബാലൻസോ എന്റെ
നിറമോ ജാതിയോ ജാതകമോ ചോദിച്ചില്ല.
പ്രായമോ പത്തിലെട്ട് പൊരുത്തമോ ചോദിച്ചില്ല
ചേർന്ന കോഴ്സുകളോ
കിട്ടിയ ഡിഗ്രികളെക്കുറിച്ചോ ചോദിച്ചില്ല
പട്ടുസാരിയോ സ്വർണ്ണത്തൂക്കമോ ചോദിച്ചില്ല...
ഒരേയൊരു ഡിമാൻറ് മാത്രം
"ഒരു മഴു പോലും വീഴാതെ അവസാനം വരെ തുണയാകണം.."
അങ്ങനെ എല്ലാം ഒത്തുവന്നപ്പോൾ ഞാനിതങ്ങ് ഉറപ്പിക്കുകയായിരുന്നു.
ആയതിനാൽ സുഹൃത്തെ
ഈ മംഗളകർമ്മത്തിൽ എന്റെ സന്തോഷത്തിനൊപ്പം പങ്കുചേരാൻ പ്രിയപ്പെട്ട ഏവരേയും
ഹൃദ്യമായി ക്ഷണിക്കുന്നു..
- ചന്ദ്രു വെള്ളരിക്കുണ്ട്
chandroouae@gmail.com
( കവിത സമർപ്പണം: സമാന ഹൃദയർക്ക്)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam