ഉന്നാവോ കേസ്: എംഎൽഎയുടെ സഹോദരനെ സഹായിച്ച ജയിൽ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

By Web DeskFirst Published Apr 17, 2018, 1:00 PM IST
Highlights
  • അതുൽ സിംഗ് സെങ്കറിന് സഹായമെത്തിക്കുന്നത് തടയാനാണ് സ്ഥലംമാറ്റം

ലക്നൗ: ഉന്നാവോ ബലാത്സംഗക്കേസിൽ കുറ്റാരോപിlതനായ എംഎൽഎ കുൽദീപ് സിംഗ് സെങ്കറിന്റെ ബന്ധുവായ ജയിൽ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ജയിലിൽക്കഴിയുന്ന എംഎൽഎയുടെ സഹോദരൻ അതുൽ സിംഗ് സെങ്കറിന് സഹായമെത്തിക്കുന്നത് തടയാനാണ് സ്ഥലംമാറ്റമെന്നാണ് അധികൃതരുടെ വിശദീകരണം. 

ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെങ്കറിന്റെ സഹോദരൻ അതുൽ സിംഗ് സെങ്കറുൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതുലിന്റെ മർദ്ദനമേറ്റാണ് പെൺകുട്ടിയുടെ അച്ഛൻ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. 

അതുൽ സിംഗ് സെങ്കറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി  കസ്റ്റഡിയിൽ വാങ്ങുമെന്ന് സിബിഐ അറിയിച്ചു. പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ കുൽദീപ് സിംഗ് സെങ്കറിനെയും സഹായി ശശി സിംഗിനെയും ഉന്നാവോയിലെത്തിച്ച് തെളിവെടുക്കുമെന്നും പെണ്‍കുട്ടിയുടെ മുന്നിലെത്തിച്ച് തിരിച്ചറിയൽ നടപടി പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ശശി സിംഗിന്റെ മകൻ ശുഭം സിംഗിനെ പ്രതിയാക്കി സിബിഐ നാലാമത്തെ കേസ് രജിസ്റ്റർ ചെയ്തു. 

അതിനിടെ ഉത്തർപ്രദേശിലെ ഈറ്റയിൽ 8 വയസ്സുകാരിയ ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. മാതാപിതാക്കളോടൊപ്പം ബന്ധുവിന്റെ വിവാഹത്തിനെത്തിയ പെൺകുട്ടിയെ പ്രതിയായ സോനു സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

click me!