ഉന്നാവോ ബലാത്സംഗ കേസ്: എംഎൽഎക്കെതിരെ തെളിവില്ലെന്ന് യുപി സര്‍ക്കാര്‍

By Nirmala babuFirst Published Apr 12, 2018, 6:33 PM IST
Highlights
  • ഉന്നാവോ ബലാത്സംഗ കേസ്: എംഎൽഎക്കെതിരെ തെളിവില്ലെന്ന് യുപി സര്‍ക്കാര്‍

ദില്ലി: ഉന്നാവോ ബലാൽസംഗ കേസിൽ പ്രതിയായ എം.എൽ.എക്കെതിരെ തെളിവില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. എം.എൽ.എയുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധങ്ങൾ തുടരുമ്പോഴാണ് സര്‍ക്കാര്‍ ഈ നിലപാട് അലഹാബാദ് ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം പ്രത്യേക അന്വേഷണ സംഘം ഉന്നവോയിലെത്തി പെൺകുട്ടിയുടെയും കുടുംബത്തിന്റെയും മൊഴി രണ്ടാമതും രേഖപ്പെടുത്തി.

ഉത്തർപ്രദേശിലെ ഉന്നോവോയിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെങ്കർ ബലാത്സംഗം ചെയ്തുവെന്ന പെൺകുട്ടിയുടെ പരാതിയിൽ എന്തുകൊണ്ട് അറസ്റ്റ് വൈകുന്നുവെന്ന ചോദ്യത്തിനാണ് തെളിവില്ലെന്ന മറുപടി ഉത്തര്‍പ്രദേശ് സര്‍ക്്കാര്‍ നൽകിയത്. കേസിൽ നാളെ കോടതി ഉത്തരവിറക്കും. ആവശ്യമായ തെളിവ് കിട്ടിയാൽ എം.എൽ.എയെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു അന്വേഷണ സംഘം കോടതിയിൽ പറഞ്ഞത്. അധികാരം ഉപയോഗിച്ച് എം.എൽ.എ അന്വേഷണം അട്ടിമറിക്കാൻ ഇടയുണ്ടെന്ന് ബലാൽസംഗത്തിന് ഇരയായ പെണ്‍കുട്ടി പ്രതികരിച്ചു.

എംഎൽഎയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ പ്രതിപക്ഷ പാര്‍ടികളുടെ സമരങ്ങൾ തുടരുകയാണ്. പ്രധാനമന്ത്രിയുടേത് ബേട്ടി ബച്ചാവോ ബേട്ടിപഠാവോ എന്ന പദ്ധതി ബേട്ടി ഛുപ്പാവോ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഉന്നാവോയിലെയും കത്‍വയിലെയും ബലാത്ംഗങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ മഹിളാ സംഘടനകളും വിദ്യാർത്ഥി സംഘടനകളും ദില്ലി ജന്ദർ മന്ദിറിൽ പ്രതിഷേധിച്ചു.  

ഉത്തർപ്രദേശിലെയും കശ്മീരിലെയും ബലാത്സംഗക്കേസുകളിലെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദില്ലി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലേവാൾ നാളെ മുതൽ രാജ്ഘട്ടിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും 

 

 

click me!