ഉന്നാവ്: കൊല്ലപ്പെട്ട യുവതിയും പ്രതി ശിവം ത്രിവേദിയും ജനുവരിയിൽ വിവാഹിതരായെന്ന് പൊലീസ്

By Web TeamFirst Published Dec 9, 2019, 1:09 PM IST
Highlights
  • വിവാഹ ഉടമ്പടി കൈക്കലാക്കാനും ഇരുവരെയും വേർപെടുത്താനും ശിവം ത്രിവേദിയുടെ ബന്ധുക്കൾ ഭീഷണി മുഴക്കിയിരുന്നു
  • ശിവം ത്രിവേദിയുടെ ബന്ധുക്കളുടെ ഭീഷണിക്ക് യുവതി വഴങ്ങാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടുകൊലപ്പെടുത്തിയ സംഭവത്തിന് കാരണം വിവാഹ ഉടമ്പടിയെന്ന് പൊലീസ്. പ്രതികളിലൊരാളായ ശിവം ത്രിവേദിയും കൊല്ലപ്പെട്ട യുവതിയും ഈ വർഷം ജനുവരി 15 ന് വിവാഹിതരായിരുന്നുവെന്നും പൊലീസ് പറയുന്നു.

എന്നാൽ വിവാഹത്തെ ശിവം ത്രിവേദിയുടെ കുടുംബം എതിർത്തിരുന്നു. ഈ എതിർപ്പ് വകവയ്ക്കാതെയാണ് വിവാഹം നടന്നത്. വിവാഹ ഉടമ്പടി കൈക്കലാക്കാനും ഇരുവരെയും വേർപെടുത്താനും ശിവം ത്രിവേദിയുടെ ബന്ധുക്കൾ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ യുവതി ഇതിന് വഴങ്ങിയില്ല. ഇതാണ് യുവതിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.

ബ്രാഹ്മണ വിഭാഗത്തിൽ പെട്ട ശിവം ത്രിവേദിയെ കഴിഞ്ഞ ജനുവരി 15 നാണ് ലോഹർ വിഭാഗത്തിൽ പെട്ട യുവതി വിവാഹം ചെയ്യുന്നത്. തൊട്ടടുത്ത ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഉഭയ സമ്മത പ്രകാരം ഉടമ്പടിയും ഉണ്ടാക്കി. ഇതിൽ പ്രകോപിതരായ ശിവം ത്രിവേദിയുടെ സവർണ കുടുംബം യുവതിയെ തടവിൽ പാർപ്പിച്ചു പിടിപ്പിച്ചു. പീഡന പരാതിയുമായി എത്തിയപ്പോൾ കൊന്നു കളയാൻ ഉറപിച്ചു. ആദ്യം യുവതിയുടെ വീട്ടിൽ എത്തി പ്രതികളും ബന്ധുക്കളും ഭീഷണി മുഴക്കി. പിന്നെ കോടതിയിലേക്ക് പോകാൻ ഇറങ്ങിയപോൾ വലിച്ചിഴച്ചു കൊണ്ടുവന്നു തീ കൊളുത്തി.

ഇക്കാര്യങ്ങൾ യുവതിയാണ് പൊലീസിനോട് പറഞ്ഞത്. അതേസമയം പ്രതികൾ നൽകുന്ന ഒരു പേപ്പറിലും ഒപ്പുവയ്ക്കരുതെന്ന് യുവതി മരിക്കുന്നതിന് മുൻപ് തന്നോട് പറഞ്ഞതായി സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ നൽകി. ഭാടിൻ ഖേഡായ്ക്ക് അടുത്തുള്ള ബീഹാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻസ് ചെയ്തത്. ഇവരിൽ രണ്ട് പേർ ഇൻസ്പെക്ടർമാരും മൂന്ന് പേർ കോൺസ്റ്റബിൾമാരുമാണ്.

സ്റ്റേഷൻ ഇൻചാർജായ അജയ് ത്രിപാഠി,  അരവിന്ദ് സിങ് രഖു വൈശി, എസ്ഐ ശ്രീറാം തിവാരി, പോലീസുകാരായ പങ്കജ് യാദവ്, മനോജ്‌, സന്ദീപ് കുമാർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത് . എസ്‌പി വിക്രാന്ത് വീറിന്റേതാണ് ഉത്തരവ്. യുവതിയെ ബലാത്സംഗ കേസ് പ്രതികൾ തീയിട്ട് കൊലപ്പെടുത്തിയ സമയത്ത് ഈ പ്രദേശത്തിന്റെ ചുമതലയിലുള്ള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇവരെല്ലാം.

പ്രതികളുടെ ഭീഷണിയുണ്ടെന്ന് പരാതി നൽകിയിട്ടും പൊലീസ് സംരക്ഷണം നൽകിയില്ലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഉന്നാവിലെ 23 കാരിയെ പ്രതികൾ മുമ്പും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട യുവതിയുടെ അച്ഛൻ വെളിപ്പെടുത്തിയിരുന്നു. പ്രതികളായ ശിവം ത്രിവേദി, അച്ഛൻ ഹരിശങ്കർ ത്രിവേദി, ബന്ധുക്കളായ ശുഭം ത്രിവേദി, റാം കിഷോർ, ഉമേഷ്‌ എന്നിവർ കൊല്ലുമെന്ന് മുമ്പും വീട്ടിലെത്തി ഭീഷണി മുഴക്കിയെന്ന് കൊല്ലപ്പെട്ട യുവതിയുടെ അച്ഛൻ പറഞ്ഞു.  ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചിട്ടും സംരക്ഷണം നൽകിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.

അതേസമയം പൊലീസും യുവതിയുടെ കുടുംബവും കള്ളം പറയുകയാണെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതികളുടെ ബന്ധുക്കൾ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു. പൊലീസിൽ വിശ്വാസം ഇല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ശുഭം ത്രിവേദിയുടെയും ശിവം ത്രിവേദിയുടെയും അമ്മയും സഹോദരിയും ആവശ്യപ്പെട്ടത്.

വിചാരണയ്ക്കായി റായ്ബറേലി കോടതിയിൽ പോയ ഇരയായ യുവതിയെ പ്രതികൾ തീ കൊളുത്തി എന്നാണ് കേസ്. ഭാട്ടൻ ഖേഡായിലെ ഉയർന്ന സമുദായ അംഗങ്ങളാണ് പ്രതികൾ. കനത്ത പ്രതിഷേധങ്ങൾക്ക് ഒടുവിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പൊലീസും സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പ്രതികളുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.

click me!