
ദില്ലി: ഉത്തര്‍പ്രദേശ്-ബീഹാര്‍ ഉപതെരഞ്ഞെടുപ്പുകളിലെ പരാജയം ഏല്‍പിച്ച അപ്രതീക്ഷിത പ്രഹരത്തിലാണ് ബിജെപി ക്യാംപ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരുമെന്ന പ്രവചനങ്ങള്‍ക്ക് തടയിടുന്നതാണ് കാവിക്കോട്ടയായ ഗൊരഖ്പുറിലടക്കം പാര്‍ട്ടിക്കുണ്ടായ തിരിച്ചടി. ബദ്ധശത്രുകളായിരുന്ന എസ്.പിയും ബി.എസ്.പിയും തമ്മില്‍ കൈകോര്‍ത്തതോടെ ലഭിച്ച വിജയം പ്രാദേശിക പാര്‍ട്ടികളുടെ ഐക്യനീക്കങ്ങളും ശക്തമാക്കും. കോണ്‍ഗ്രസിനും പുതുജീവന്‍ നല്‍കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം.
തുടര്‍ച്ചയായ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ ബിജെപി നേടിയയെടുത്ത അനുകൂല അന്തരീക്ഷം എപ്പോള്‍ വേണമെങ്കിലും മാറിമറിയാമെന്ന സന്ദേശമാണ് ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ് നല്‍കുന്നത്. ആറ് മാസം മുന്‍പുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തരംഗം ആഞ്ഞടിച്ച സംസ്ഥാനത്ത് 20 വര്‍ഷത്തോളമായി ബിജെപി കൈവശം വച്ച ഗൊരഖ്പുര്‍ സീറ്റ് തോല്‍ക്കുന്ന അവസ്ഥയുണ്ടായത് എങ്ങനെയെന്ന് കൃത്യമായി വിശദീകരിക്കാന്‍ പോലും പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല.
കഴിഞ്ഞ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസും ചേര്‍ന്ന് 50 ശതമാനത്തിലധികം വോട്ടാണ് നേടിയത്. ബി.ജെ.പി 40 ശതമാനവും. പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ ബി.ജെ.പിക്ക് ജയം ആവര്‍ത്തിക്കുക എളുപ്പമാകില്ല എന്ന വിലയിരുത്തല്‍ ശരിവെക്കുന്നതാണ് യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകത്തിലേറ്റ ഈ തിരിച്ചടി. എസ്.പിയും ബിഎസ്പിയും ചേര്‍ന്നുള്ള ഒരു മുന്നണിയുണ്ടാവാന്‍ കടമ്പകള്‍ ഇനിയും ഏറെയുണ്ടെങ്കിലും ഇതിനുള്ള സാധ്യത കൂട്ടുന്നതാണ് ഈ ഫലം. ഓരോ സംസ്ഥാനത്തും ശക്തിയുള്ള കക്ഷികള്‍ ബി.ജെ.പിയെ ഒന്നിച്ചുനിന്ന് ഏതിര്‍ക്കുക എന്ന നിലപാടിലേക്ക് പ്രതിപക്ഷം മാറും. പിന്തുണച്ച മായാവതിക്ക് നന്ദി രേഖപ്പെടുത്തിയ അഖിലേഷ് ഭാവി നീക്കങ്ങള്‍ എങ്ങനെയാവും എന്നതിനെപ്പറ്റി സൂചനയൊന്നും നല്‍കിയിട്ടില്ല.
യുപിക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന ബീഹാറിലാവട്ടെ ലാലുപ്രസാദ് യാദവും മകള്‍ മിസ ഭാരതിയും ജയിലില്‍ പോയതിനു ശേഷവും ജനപിന്തുണ നേടിയത് പ്രചാരണ നേതൃത്വം ഏറ്റെടുത്ത തേജസ്വി യാദവിന്റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ആര്‍ജെഡി ബന്ധം വിച്ഛേദിച്ച് ബിജെപി ചേരിയിലേക്ക് കൂറുമാറിയ നിതീഷ് കുമാറിന് ഉപതിരഞ്ഞെടുപ്പ് ഫലം നല്ല സൂചനയല്ല. നരേന്ദ്ര മോദിയും അമിത്ഷായും നേരിട്ട് ഇടപെടാത്ത ഈ ഉപതെരഞ്ഞടുപ്പ് തോല്‍വി യോഗി ആദിത്യനാഥിന്റെ തോല്‍വിയായി ചിത്രീകരിക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് താല്പര്യം. എന്നാല്‍ രാജസ്ഥാനും മധ്യപ്രദേശിനും പിന്നാലെ ഇപ്പോള്‍ ഉത്തര്‍പ്രദേശിലും പ്രകടമാകുന്ന ഈ വികാരം പ്രാദേശിക വികാരമായി മാത്രം മോദിക്ക് തള്ളിക്കളയാനാവില്ല. പ്രാദേശിക പാര്‍ടികളെ സമ്മര്‍ദ്ദത്തിലൂടെയും ഭീഷണിയിലൂടെയും പരസ്പരം മത്സരിപ്പിക്കാനുള്ള അടവുകള്‍ ബി.ജെ.പി വീണ്ടും പുറത്തെടുക്കും.
കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കോണ്‍ഗ്രസിന് ബി.ജെ.പിയുടെ ഈ തോല്‍വി ആശ്വാസമാണ് ത്രിപുര ഉള്‍പ്പടെ മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഫലം വന്ന മാര്‍ച്ച് 3നും മാര്‍ച്ച് 14നും ഇടക്കുള്ള 11 ദിവസത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റം ദൃശ്യമാണ്. 2019 ലേക്കുള്ള പാത ബി.ജെ.പിക്ക് കല്ലും മുള്ളും നിറഞ്ഞതാകുമെന്ന് ഉറപ്പ്.യുപി ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ലോക്‌സഭയില്‍ ബിജെപിയുടെ അംഗ സംഖ്യ 272 ആയി ചുരുങ്ങി. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 282 അംഗങ്ങളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് നാലു വര്‍ഷത്തിനിടയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഏഴ് സീറ്റുകളാണ് ബിജെപിയ്ക്ക് നഷ്ടമായത്. യുപിയെക്കൂടാതെ മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് സീറ്റ് നഷ്ടമായിരുന്നു.ഇതോടെ 543 അംഗ ലോക്‌സഭയില്‍ ബിജെപിയുടേത് നേരിയ ഭൂരിപക്ഷമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam