യുപിയില്‍ നടക്കാന്‍ പോകുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന പോരാട്ടം

By Web DeskFirst Published Jan 4, 2017, 8:59 AM IST
Highlights

ലക്നൗ: അടുത്ത രണ്ടു വർഷത്തെ ഇന്ത്യൻ രാഷ്ട്രീയത്തെയും ഒരു പക്ഷെ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെയും സ്വാധിനിക്കുന്ന ഒരു പോരാട്ടത്തിനാണ് ഇന്നു തുടക്കമായത്. ഫലം നോട്ട് അസാധുവാക്കലിന്റെ റഫറണ്ടമായി മാറും. ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയെ തീരുമാനിക്കുന്നതിലും ഉത്തർപ്രദേശ് ജനതയുടെ വിധിക്ക് നിർണ്ണായക സ്ഥാനമുണ്ടാകും.

ഇന്ത്യയുടെ അധികാരത്തിലേക്കുള്ള പാത നീളുന്നത് ഉത്തർപ്രദേശിലൂടെയാണ്. അപൂർവ്വമായേ ഈ അലിഖിത നിയമം ഇന്ത്യൻ ജനത മാറ്റിയെഴുതിയിട്ടുള്ളു. ഏറ്റവുമധികം എംപിമാരെ ലോക്സഭയിൽ അയയ്ക്കുന്ന ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ അതുകൊണ്ട് തന്നെ ലക്നൗവിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള ദില്ലിയിലാണ് യഥാർത്ഥ മത്സരം. ബീഹാറിലും ദില്ലിയിലും തോറ്റെങ്കിലും 2014നു ശേഷമുള്ള ജനവിധികൾ പൊതുവെ നരേന്ദ്രമോദിക്ക് ക്ഷീണമുണ്ടാക്കിയില്ല. ബീഹാറിൽ ഏതിരാളികൾ എല്ലാം കൈകോർത്തപ്പോഴാണ് മോദി തോറ്റത്.

പാക് അധിനിവേശ കശ്മീരിലെ മിന്നലാക്രമണവും നോട്ട് അസാധുവാക്കലും ഒക്കെ സംഭവിച്ചത് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പാണെന്നത് യാദൃശ്ചികമല്ല. നോട്ട് അസാധുവാക്കലിന്റെ റഫറണ്ടമായി ഈ വോട്ടെടുപ്പിനെ ബിജെപി തന്നെ മാറ്റുകയാണ്. അതിനാൽ ഏതു പരാജയവും നരേന്ദ്ര മോദിയുടെ മാത്രം പരാജയമാകും. പാർട്ടിക്കുള്ളിൽ മോദിയുടെ നയങ്ങൾ ചോദ്യം ചെയ്യപ്പെടും. 2019ൽ മോദിക്കെതിരെ പ്രാദേശിക പാർട്ടികളുടെ വലിയ കൂട്ടായ്മ വരാം. ത്രികോണ മത്സരം അതിജീവിച്ച് വിജയം നേടിയാൽ മോദിയിൽ നിന്ന് ഇനിയും അപ്രതീക്ഷിത നാടകീയ തീരുമാനങ്ങൾ പ്രതീക്ഷിക്കാം.

രാഷ്ട്രപതി, ഉപരാഷ്ട്പതി സ്ഥാനങ്ങളിൽ നരേന്ദ്ര മോദി നിശ്ചയിക്കുന്ന വ്യക്തികൾ വരും. ഏതിരാളികളിൽ ചിലരെങ്കിലും ജയിലിൽ പോകും. രാജ്യസഭയിലെ സമവാക്യവും 2018 ഓടെ മാറും. പഞ്ചാബിലും ഗോവയിലും പൊരുതുന്ന ആം ആദ്മി പാ‍ർട്ടിക്ക് ഇത് ദേശീയ പാർ‍ട്ടിയായി വളരാനുള്ള സുവർണ്ണാവസരമാണ്. അരവിന്ദ് കെജ്‌രിവാളിന് മോദി വിരുദ്ധ നീക്കത്തിന്റെ നായകസ്ഥാനത്ത് എത്താം.

ഉത്തർപ്രദേശ് ഒഴികെ നാലു സംസ്ഥാനങ്ങളിലും കോൺഗ്രസ് ഒരു ശക്തിയാണ്. ഇതിൽ പഞ്ചാബിലെങ്കിലും അധികാരം നേടിയില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ കപ്പൽ അധികകാലം ഓടില്ല. സംസ്ഥാനതെര‍ഞ്ഞെടുപ്പാണെങ്കിലും 2017ലെ ഈ ആദ്യ പോരാട്ടത്തിന്റെ പരിണാമത്തിന് ദേശീയ രാഷ്ട്രീയത്തിൽ വൻ പ്രഹര ശേഷിയുണ്ടാകും.

 

click me!