
ദില്ലി: അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയ്ദി ഇന്ന് പ്രഖ്യാപിച്ചത്. ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിനും ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നും വോട്ടെടുപ്പ് നടക്കും. മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായായിരിക്കും പോളിങ് നടക്കുക. മണിപ്പൂരില്‍ രണ്ട് ഘട്ടമായിരിക്കും പോളിങ് നടക്കുക. ആദ്യ ഘട്ടം മാര്‍ച്ച് നാലിനും രണ്ടാം ഘട്ടം മാര്‍ച്ച് എട്ടിനും നടക്കും. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായിട്ടാണ് പോളിങ് നടക്കുന്നത്. ഫെബ്രുവരി 11, ഫെബ്രുവരി 15, ഫെബ്രുവരി 19, ഫെബ്രുവരി 23, ഫെബ്രുവരി 27, മാര്‍ച്ച് 4, മാര്‍ച്ച് 8 എന്നിങ്ങനെയാണ് പോളിങ് തീയ്യതികള്‍. എല്ലാ സംസ്ഥാനങ്ങളിലും മാര്‍ച്ച് 11ന് വോട്ടെണ്ണല്‍ നടക്കും
അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് നിലവില്‍ വന്നു. അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചു മുതല്‍ 12 വരെയുള്ള തീയ്യതികളില്‍ പുറത്തിറക്കും.സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ അവരുടെ ഫോട്ടോ പതിക്കണം. ചിലയിടങ്ങളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക പോളിങ് ബൂത്തുകള്‍ സജ്ജീകരിക്കും.
അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 16 കോടി വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ആകെ 693 മണലങ്ങളിലായി 1,85,000 പോളിങ് ബുത്തുകളുണ്ടാവും. തെരഞ്ഞെടുപ്പ് ക്യാബിനിന്റ ഉയരം 30 ഇഞ്ച് ആക്കി ഉയര്‍ത്തും. ഉച്ചഭാഷിണികളുടെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കും. ചാനലുകള്‍ വഴിയുള്ള തെരഞ്ഞെടുപ്പ് പ്രചരണവും പരസ്യങ്ങളും സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും.20,000 രൂപയ്ക്ക് മുകളിലുള്ള പണം ഇടപാടുകള്‍ ബാങ്ക് വഴി മാത്രമേ നടത്താന്‍ പാടുള്ളൂ. പരമാവധി 28 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് പ്രചരണാവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന തുകയുടെ പരിധി. പെയ്ഡ് ന്യൂസ് സംബന്ധമായ പ്രവണതകള്‍ പ്രസ് കൗണ്‍സില്‍ കര്‍ശനമായി നിയന്ത്രിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam