
ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ആരംഭിച്ചു. മുസഫർ നഗർ ഉൾപെടെ ന്യൂനപക്ഷ ദളിത് വോട്ടുകൾ നിർണായകമായ പശ്ചിമ ഉത്തർപ്രദേശിലെ 73 മണ്ഡലങ്ങളിലാണ് പോളിംഗ് ആരംഭിച്ചത്. അധികാരം നിലനിർത്താൻ അഖിലേഷ് യാദവിനും ഭരണം പിടിക്കാൻ മായവതിക്കും പശ്ചിമ യുപിയിലെ സീറ്റുകൾ നിർണായകമാണ്. ഇരുകൂട്ടർക്കുമെതിരെ കടുത്തപോരാട്ടവുമായി ബിജെപിയും കളം നിറഞ്ഞതോടെ ത്രികോണ പോരാട്ടമാണ് ഇവിടെ നടക്കുന്നത്
ഉത്തർപ്രദേശിൽ ഏഴ് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ ഇന്നാണ് പോളിംഗ്. പതിനഞ്ച് ജില്ലകളിൽ 73 നിയോജക മണ്ഡലങ്ങളിലായി രണ്ടുകോടി അൻപത്തിഒൻപത് ലക്ഷം വോട്ടർമാർ ബൂത്തുകളിലെത്തും. ആകെ 839 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ന്യൂനപക്ഷവോട്ടുകൾ നിർണായകമാകുന്ന പശ്ചിമ ഉത്തർപ്രദേശിൽ ബിഎസ്പി 18 മുസ്ലീം സ്ഥാനാർത്ഥികളെയും എസ്പികോൺഗ്രസ് സഖ്യം 12 പേരെയും മത്സരിപ്പിക്കുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മേഖല തൂത്തുവാരിയ ബിജെപിക്ക് പക്ഷെ ഇത്തവണ ആത്മവിശ്വാസം കുറവാണ്. ജാട്ട് വോട്ടുകളിൽ കണ്ണുനട്ടിരിക്കുന്ന ബിജെപിക്ക് ഭീഷണി അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളാണ്. സാമുദായി ദ്രുവീകരണം ഉണ്ടായ മുസഫർ നഗർ, കൈരാന, ശാമിലി ജില്ലകളിൽ വലീയ പ്രചാരണമാണ് ബിഎസ്പി ഇക്കുറി നടത്തിയത്.
ദളിത് മുസ്ലീം ഏകീകരണത്തിലൂടെ സീറ്റുകൾ വർധിപ്പിക്കാനാകുമെന്ന് മായാവതി കണക്കുകൂട്ടുന്നു. അഘിലേഷും രാഹുലും നയിക്കുന്ന സമാജ്വാദി കോൺഗ്രസ് സഖ്യം ന്യൂനപക്ഷ യാദവ വോട്ടുകളിലാണ് പ്രതീക്ഷ വെക്കുന്നത്. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലിനൊപ്പം നോട്ടുനിരോധനവും ഈ തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായി. 2012ലെ തെരഞ്ഞെടുപ്പിൽ എസ്പി 24 ബിഎസ്പി 23 ബിജെപി 12 ആർഎൽഡിയും ഒൻപത് , കോൺഗ്രസ് അഞ്ച് എന്നിങ്ങനെയാണ് സീറ്റ് നില. രാജ്നാഥ് സിംഗിന്റെ മകൻ പങ്കജ് സിംഗും ലാലുപ്രസാദ് യാദവിന്റെ മരുമകൻ രാഹുൽയാദവും ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖരാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam