
തൃശൂര്‍: തൃശൂരില്‍ ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടു പോയ ആളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കൊല്ലം സ്വദേശിയായ വിജയനാണ് പിടിയിലായത്.കുട്ടിയെ പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തൃശൂര്‍ ജിമ്മീസ് കോളനിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശുകാരായ ദമ്പതികളുടെ മകളെ ഇന്നലെ ഉച്ചകഴിഞ്ഞാണ് കാണാതായത്. നാല് വയസുകാരിയായ കാജലിനെ കാണാനില്ലെന്ന് തൃശൂര്‍ വെസ്റ്റ് പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണം തുടരുന്നതിനിടെ കുന്നംകുളത്ത് വച്ച് മദ്യപിച്ച് ലക്കുകെട്ട ഒരാളോടൊപ്പം നാട്ടുകാര്‍ ഒരു കുട്ടിയെ കണ്ടു. സംശയത്തെത്തുടര്‍ന്ന് നാട്ടുകാര്‍ കുന്നംകുളം പൊലീസില്‍ വിവരം അറിയിച്ചു. ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ കടത്തിക്കൊണ്ടു വന്നതാണെന്ന് ബോധ്യമായത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ കുട്ടിയെ ഏറ്റുവാങ്ങി. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ സൗഹൃദം നടിച്ച് കൊണ്ടുവന്ന് വളയും മാലയും വാങ്ങി നല്‍കി കടത്താനായിരുന്നു ശ്രമം.
വൈകുന്നേരത്തോടെ വീട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് കുട്ടി കരഞ്ഞപ്പോഴാണ് നാട്ടുകാര്‍ വിജയനെ പിടികൂടിയത്. കൊല്ലം കുണ്ടറ സ്വദേശിയായ വിജയന്‍ ഭണ്ഡാരം കുത്തിത്തുറന്ന് പണമെടുത്തതിനെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടുവിട്ടിരുന്നു. ഭാര്യയും രണ്ടു മക്കളുമുള്ള ഇയാള്‍ വര്‍ഷങ്ങളായി ഗുരുവായൂര്‍ കുന്നംകുളം മേഖലയിലെ വഴിയോരത്താണ് താമസം. മദ്യലഹരിയില്‍ കുട്ടിയെ കൂട്ടിക്കൊണ്ടുവന്നതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam