യുപിയില്‍ നടക്കുന്നത് അസാധാരണ ധ്രുവീകരണം; തിരിച്ചടി സമാജ് വാദി പാര്‍ട്ടിക്ക്, പ്രതീക്ഷ ബിജെപിക്കും ബിഎസ്പിക്കും

By Web DeskFirst Published Oct 24, 2016, 11:39 AM IST
Highlights

രാംമനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് പാതയുടെ വക്താക്കളായി രാഷ്ട്രീയത്തിലെത്തിയ മുലായംസിംഗ് യാദവും ലാലു പ്രസാദ് യാദവും പിന്നീട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ നടപ്പാക്കിയത് കുടുംബാധിപത്യവും ജാതിരാഷ്ട്രീയവും. കൗശലനീക്കങ്ങളിലൂടെ ഇന്ത്യയിലെ ശക്തരായ നേതാക്കളുടെ പട്ടികയില്‍ ഇരുവരും സ്ഥാനം പിടിച്ചു. കുടുംബപാര്‍ട്ടിയില്‍ പോലും ഒരു നേതാവ് അവസാനവാക്കാകുന്ന നാട്ടുനടപ്പിനാണ് എസ്പിയിലെ ഈ കലാപം അവസാനം കുറിക്കുന്നത്.

മകന്‍ അഖിലേഷ് ഇപ്പോള്‍ വെല്ലുവിളിച്ചിരിക്കുന്നത് മറ്റു ബന്ധുക്കളെയല്ല. അച്ഛന്‍ മുലായം സിംഗിനെ തന്നെയാണ്. ഈ ഭിന്നതയില്‍ മുലായത്തിനെ ഒരു പക്ഷത്തിന്റെ മാത്രം നേതാവായി മാത്രം ചിത്രീകരിക്കാന്‍ അഖിലേഷിന് കഴിഞ്ഞു. തല്‍ക്കാലം ഒതുങ്ങിയാല്‍ പോലും പാര്‍ട്ടിയുടെ നിയന്ത്രണം തന്റെ കൈയ്യില്‍ എത്താനുള്ള ശ്രമം അഖിലേഷ് വരും ദിവസങ്ങളില്‍ ശക്തമാക്കും. ഇത് പരാജയപ്പെട്ടാല്‍ അഖിലേഷ് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 

മുലായം ഒരു കൂസലുമില്ലാതെ നടപ്പാക്കിയ കുടുംബാധിപത്യം ഇന്ന് തിരിഞ്ഞു കൊത്തുമ്പോള്‍ ഉത്തര്‍പ്രദേശിനു വേണ്ടിയുള്ള അടുത്ത പോരാട്ടത്തില്‍ എസ്പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയാണ്. സമാജ് വാദിയുടെ സാധ്യത മങ്ങുമ്പോള്‍ മുസ്ലീം വോട്ടര്‍മാര്‍ ബിഎസ്പിയിലേക്ക് തിരിഞ്ഞേക്കും. അങ്ങനെവന്നാല്‍ യാദവരില്‍ ഒരു വിഭാഗത്തെകൂടി ഒപ്പം കൂട്ടി ഹിന്ദു ധ്രുവീകരണത്തിന്റെ ആവര്‍ത്തനമാണ് ബിജെപി ഈ പ്രതിസന്ധിയില്‍ സ്വപ്നം കാണുന്നത്. 

പുതിയ പാര്‍ട്ടിക്ക് അഖിലേഷ് തീരുമാനിച്ചാല്‍ രാഹുല്‍ ഗാന്ധി-അഖിലേഷ് കൂട്ടുകെട്ടിനും അത് വഴിയൊരുക്കാം. 80 സീറ്റുള്ള യുപി കേന്ദ്ര അധികാരത്തിലേക്കുള്ള വഴിയില്‍ നിര്‍ണ്ണായകമാണ്. അതിനാല്‍ ഈ കലാപം ഉത്തര്‍പ്രദേശിനൊപ്പം ദേശിയ രാഷ്ട്രീയത്തിലും പുതിയ സമവാക്യങ്ങള്‍ക്ക് സാധ്യത കൂട്ടുന്നു.

 

click me!