കശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം അടക്കം ചെയ്യാന്‍ ഉയര്‍ന്ന ജാതിക്കാര്‍ സ്ഥലം നിഷേധിച്ചു

By Web DeskFirst Published Jun 27, 2016, 5:36 PM IST
Highlights

സ്വന്തമായി ഒറ്റമുറി വീട് മാത്രമുള്ള വീര്‍ സിങിന്റെ മൃതദേഹം ജന്മനാട്ടിലെ ഒരു പൊതുസ്ഥലത്ത് സംസ്കരിക്കണമെന്നായിരുന്നു ബന്ധുക്കളുടെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം. എന്നാല്‍ പ്രദേശത്തെ ഭൂരിപക്ഷ സമുദായമായ 'നാട്" വിഭാഗക്കാര്‍ ഇതിനെ എതിര്‍ത്തു. താഴ്ന്ന ജാതിക്കാരനായ ജവാന്റെ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലം വിട്ടുനല്‍കില്ലെന്ന നിലപാടെടുത്തോടെ ഇത് സംബന്ധിച്ച് ഏറെ നേരം ആശയക്കുഴപ്പം നിലനിന്നു. ഒടുവില്‍ ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്ദ്യോഗസ്ഥര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ 10 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലുമുള്ള സ്ഥലം വിട്ടുകൊടുക്കാന്‍ മനസില്ലാ മനസോടെ സമ്മതിക്കുകയായിരുന്നെന്ന് ഗ്രാമ മുഖ്യന്‍ വിജയ് സിങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1981ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വീര്‍ സിങായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആകെ ആശ്രയം. ഒറ്റ മുറി മാത്രമുള്ള തകര ഷീറ്റ് അടിച്ച വീട്ടിലാണ് അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത്. 22 വയസുള്ള മകള്‍ രജനി എംഎസ്‍സി വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ 18കാരനായ രമണ്‍ദീപ് 12ാം ക്ലാസ് പരീക്ഷയെഴുതിയതേയുള്ളൂ. ഫിറോസാബാദില്‍ റിക്ഷ വലിക്കുന്ന വീര്‍ സിങിന്റെ പിതാവിനും കുടുംബം ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് അറിയില്ല. അതിനിടെയാണ് നാട്ടുകാരുടെ വക അപമാനവും. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ അവന്റെ മൃതദേഹം അടക്കം ചെയ്യാന്‍ അല്‍പം സ്ഥലം നല്‍കാതിരിക്കാന്‍ മാത്രം എന്ത് തെറ്റാണ് തങ്ങള്‍ ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

click me!