
റോസ്റ്റൗ: നൂറാം മത്സരം കളിക്കുന്ന സുവാരസ് മിന്നിയപ്പോള്‍ സൗദി അറേബ്യക്കെതിരെ ആദ്യ പകുതിയില്‍ ഉറുഗ്വെ ഒരു ഗോളിന് മുന്നില്‍. ഇരു ടീമുകളും വാശി കൂടാതെ പന്ത് തട്ടിയപ്പോള്‍ റോസ്റ്റൗ അരീനയിലെ പോരാട്ടത്തിന് തീപിടിക്കാന്‍ ഒരു ഗോള്‍ പിറക്കേണ്ടി വന്നു. കഴിഞ്ഞ മത്സരത്തില്‍ ഈജിപ്തിനെതിരെ ഒരുവിധം ജയിച്ചു കയറിയ ലാറ്റിനമേരിക്കന്‍ ടീം ഇന്നും ലക്ഷ്യബോധമില്ലാതെയാണ് കളി തുടങ്ങിയത്.
അവസരം മുതലെടുത്ത് സൗദി ചില നീക്കങ്ങള്‍ നടത്തി നോക്കിയെങ്കിലും ഉറുഗ്വെ പ്രതിരോധ നിരയെ പരീക്ഷിക്കുന്ന മുന്നേറ്റം ഒന്നും തന്നെ പിറന്നില്ല. 13-ാം മിനിറ്റില്‍ ഉറുഗ്വെയുടെ സൂപ്പര്‍ സ്ട്രെെക്കര്‍ എഡിസണ്‍ കവാനിക്ക് അവസരം ലഭിച്ചെങ്കിലും പിഎസ്ജി താരത്തിന്‍റെ വോളി വലിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. കളി പതിഞ്ഞ താളത്തില്‍ മുന്നോട്ട് പോകുന്നതിനിടെയാണ് 23-ാം മിനിറ്റില്‍ സുവാരസിന്‍റെ ഗോള്‍ പിറന്നത്. കാര്‍ലോസ് സാഞ്ചസ് തൊടുത്ത കോര്‍ണര്‍ എത്തിയത് ബോക്സിനുള്ളില്‍ കാത്തിരുന്ന സുവാരസിന്‍റെ കാല്‍പാകത്തിന്.
തടസങ്ങള്‍ വകഞ്ഞ് മാറ്റി നിന്ന സുവാരസ് നിഷ്പ്രയാസം പന്ത് വലയിലാക്കി. 29-ാം മിനിറ്റില്‍ സൗദിക്കും ഗോള്‍ നേടാന്‍ അവസരമൊരുങ്ങിയതാണ്. പക്ഷേ, ഹതന്‍ ബെഹ്ബറിയുടെ ഷോട്ട് ഉറുഗ്വെയന്‍ ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേറയെ ശല്യപ്പെടുത്താതെ പുറത്ത് പോയി. ആദ്യ പകുതി അവസാനത്തോട് അടുത്തപ്പോള്‍ മികച്ച ത്രൂബോളില്‍ ഫഹദിന് ഗോള്‍ നേടാനുള്ള അവസരം ഒരുങ്ങിയെങ്കിലും ഏഷ്യന്‍ പട വിചാരിച്ച പോലെ കാര്യങ്ങള്‍ നീങ്ങിയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam