ഖത്തര്‍ പ്രതിസന്ധി; മധ്യസ്ഥ ശ്രമങ്ങളുമായി അമേരിക്കയും, യുഎഇക്കും മൃദുസമീപനം

By Web DeskFirst Published Jun 30, 2017, 12:12 AM IST
Highlights

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളില്‍ അമേരിക്കയും ഇടപെടുന്നു. ഖത്തര്‍ വിദേശകാര്യമന്ത്രി, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ, ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ഐക്യം വളര്‍ത്തണമെന്ന് ഓര്‍മ്മിപ്പിച്ച് യുഎഇ രംഗത്തെത്തി. 

ഖത്തറിനെതിരെയുള്ള ഉപരോധം ഒരു മാസത്തോടടുക്കുമ്പോള്‍ കുവൈത്തിന്റെ നേതൃത്വത്തിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ ശ്രമിക്കുന്നത്. നിലവിലെ പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ആഭ്യന്തര പ്രശ്നമായി കണ്ട്  മാറിനില്‍ക്കാതെ ഇരു വിഭാഗങ്ങള്‍ക്കും സ്വീകാര്യമാകുന്ന തരത്തില്‍ പ്രശ്നത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനാണ് അമേരിക്കയുടെ ശ്രമം. സൗദി മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ യുക്തിസഹമല്ലെന്ന ഖത്തറിന്റെ നിലപാടിന് ടില്ലേഴ്‌സന്‍ ഉള്‍പെടെയുള്ളവരില്‍ നിന്ന് ലഭിച്ച പിന്തുണ തന്നെയാണ്  ഇക്കാര്യത്തിലുള്ള  ഖത്തറിന്റെ പ്രതീക്ഷ. അതേസമയം ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള ചില നയതന്ത്ര പ്രതിനിധികള്‍ നടത്തുന്ന പ്രകോപനപരമായ ചില പ്രസ്താവനകള്‍ പ്രശ്നപരിഹാരം വൈകിപ്പിച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.  

ഇതിനിടെ അനുരഞ്ജനത്തിന്റേയും ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള  സൗഹാര്‍ദത്തിന്റെയും പ്രസക്തി ഓര്‍മിപ്പിച്ചുകൊണ്ട് യു.എ.ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,  ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കവിത ഖത്തറിനെതിരായ ഉപരോധത്തില്‍ ദുബായിക്കുള്ള മൃദുസമീപനമായാണ് പലരും വിലയിരുത്തുന്നത്. ഒരേ മനസും ഒരേ ഹൃദയവുമായി ഗള്‍ഫ് രാജ്യങ്ങളുടെ വളര്‍ച്ചയില്‍ അണിചേരാമെന്നും ഒറ്റക്ക്  നില്‍ക്കുന്ന ആട്ടിന്‍ കുട്ടിയെയാണ് ചെന്നായ ആദ്യം ഇരയാക്കുകയെന്ന പ്രവാചക വചനവും  അദ്ദേഹം കവിതയില്‍ ഓര്‍മിപ്പിക്കുന്നു. ഇപ്പോള്‍ അമേരിക്കയിലുള്ള ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ഥാനി  സ്റ്റേറ്റ് സെക്രട്ടറി  റെക്‌സ് ടില്ലേഴ്‌സണുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഐക്യരാഷ്‌ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടറാസുമായും അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.

click me!