അമേരിക്കയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്; വിജയം പ്രവചനാതീതമായി

By Web DeskFirst Published Nov 6, 2016, 3:17 AM IST
Highlights

125 മില്യണ്‍ ഡോളറാണ് ഇരു സ്ഥാനാര്‍ത്ഥികളും ടി വി പരസ്യങ്ങള്‍ക്കായി ഫ്ലോറിഡയില്‍ ചെലഴിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന നാളുകളില്‍ ട്രംപും ഹിലരിയും ഏറ്റവും അധികം സമയം ചെലവഴിക്കുന്നതും ഫ്ലോറിഡയിലാണ്. അത്രയ്‌ക്ക് നിര്‍ണായകമാണ് 29 ഇലക്‌ടറല്‍ വോട്ടുകളുള്ള ഫ്ലോറിഡ. ട്രംപിന് ഇവിടെ വിജയിച്ചേ മതിയാകു. ഫ്ലോറിഡയിലെ ഹിസ്‌പാനികൂളിന്റെ വന്‍ പിന്തുണയാണ് ഹിലരിക്ക് മേല്‍ക്കൈ നല്‍കുന്നത്. ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തിന്റെ വോട്ട് ഉറപ്പിക്കാന്‍ ബരാക്ക് ഒബാമ വീണ്ടും എത്തും. സര്‍വ്വേകളില്‍ 45 ശതമാനത്തിലേറെ വോട്ടുകള്‍ നേടി ഇരു സ്ഥാനാര്‍ത്ഥികളും ഒപ്പത്തിനൊപ്പമാണ്.

പെന്‍സില്‍വനിയയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. 20 ഇലക്‌ടറല്‍ വോട്ടുകളുള്ള പെന്‍സില്‍വനിയ കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റുകളെ തുണച്ച സംസ്ഥാനമാണ്. നിലവില്‍ ഹിലരിക്ക് അഞ്ച് പോയിന്റിന്റെ ലീഡാണുള്ളത്. എന്നാല്‍ നവംബര്‍ എട്ടിന് ഇവിടുത്തെ ജനങ്ങള്‍ ആര്‍ക്കൊപ്പമായിരിക്കുമെന്ന് വ്യക്തമല്ല.

15 ഇലക്‌ടറല്‍ വോട്ടുകളുള്ള നോര്‍ത്ത കരോലിനയില്‍ വെറും രണ്ടു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഇരു സ്ഥാനാര്‍ത്ഥികളും തമ്മിലുള്ളത്. 2012ല്‍ മിറ്റ് റോംനി ജയിച്ച സംസ്ഥാനമാണിത്. ബില്‍ ക്ലിന്റണ്‍, ബരാക്ക് ഒബാമ എന്നിവരൊക്കെ അവസാനഘട്ട തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തുന്നുണ്ട്.

ഒഹായോയില്‍ ജയിക്കാനാകാതെ ആരും അമേരിക്കന്‍ പ്രസിഡന്റ് ആയിട്ടില്ലെന്ന വസ്‌തുത നിലനില്‍ക്കെ, ട്രംപ് ഇവിടെ മൂന്ന് പോയിന്റിന് മുന്നിലാണ്. 18 ഇലക്‌ടറല്‍ വോട്ടുകള്‍ ഉറപ്പിക്കാന്‍ ഇരുവരും തിരക്കിട്ട പ്രചാരണങ്ങളിലാണ്.

നൊവാഡയും നിര്‍ണായകമാണ്. പ്രാരംഭ വോട്ടെടുപ്പില്‍ ഹിലരിക്ക് മുന്‍തൂക്കം ഉണ്ടെങ്കിലും വ്യക്തമായ ട്രെന്‍ഡ് പ്രകടമല്ല.

തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നാലോ അഞ്ചോ സംസ്ഥാനങ്ങളിലെ വോട്ട് നിലയായിരിക്കും പുതിയ പ്രസിഡന്റിനെ നിര്‍ണയിക്കുക.

click me!