ഒബാമ കെയര്‍ പദ്ധതി അവസാനിക്കുന്നു

By Web DeskFirst Published Jan 14, 2017, 4:10 AM IST
Highlights

വാഷിംങ്ടണ്‍: അമേരിക്കയിലെ സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതിയായ ഒബാമ കെയർ  നിർത്തലാക്കാനുളള പ്രമേയത്തിന് ജനപ്രതിനിധി സഭയിലും അംഗീകാരം. നേരത്തെ സെനറ്റിൽ പാസാക്കിയ പ്രമേയം ജനപ്രതിനിധി സഭയും അംഗീകരിക്കുന്നതോടെ  പദ്ധതി  നിലയ്ക്കുമെന്നുറപ്പായി

അമേരിക്കൻ പൗരന്മാരുടെ ആരോഗ്യ പരിരക്ഷക്ക് വിപ്ലവകരമായ നിർദ്ദേശങ്ങൾ ഉൾക്കൊളളിച്ച് പ്രസിഡന്‍റ് ബരാക് ഒബാമ   രൂപകൽപ്പന ചെയ്ത  പദ്ധതിക്കാണ് തിരശ്ശീല വീഴുന്നത്. പദ്ധതിയുടെ ആനുകൂല്യം കിട്ടിയിരുന്നത്  രണ്ടുകോടിയിലേറെ പൗരന്മാർക്കാണ്. 

പ്രചാരണ കാലത്തുതന്നെ ഡോണൾഡ് ട്രംപിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു  ഒബാമ കെയർ നിർത്തലാക്കുമെന്നത്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് ഒബാമ കെയറിനെ എതിർത്തിരുന്നതും. എന്നാൽ തെരഞ്ഞെടുക്കപ്പെട്ടയുടൻ വൈറ്റ് ഹൗസിലെത്തി ഒബാമയുമായി കൂടിക്കാഴ്ച നടത്തിയ  ട്രംപ്, കാലികമായ പരിഷ്കാരത്തോടെ  പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ർ

പുതിയ ആരോഗ്യരക്ഷാ പാക്കേജിന്‍റെ പേരിലാണ് റിപ്പബ്ലിക്കൻ പാർട്ടി  ഒബാമ കെയറിന് കത്തിവച്ചിരിക്കുന്നത്. പദ്ധതി നിർത്തലാക്കാൻ കഴിഞ്ഞ ദിവസം  സെനറ്റിൽ  അവതരിപ്പിച്ച പ്രമേയം  48നെതിരെ 51 വോട്ടുകൾക്ക് പാസായിരുന്നു. ജനപ്രതിനിധി സഭയിലും  അംഗീകാരം കിട്ടിയതോടെ  ആരോഗ്യരക്ഷാ പാക്കേജ് അവസാനിച്ചെന്നുറപ്പായി. 

പുതിയ  പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ഘടനയെക്കുറിച്ചോ ആനുകൂല്യങ്ങളെക്കുറിച്ചോ ഇപ്പോഴും വ്യക്തമായ  രൂപമില്ല റിപ്പബ്ലിക്കൻ പാർട്ടിക്ക്. മുന്നൊരുക്കമില്ലാതെ പദ്ധതി നിർത്തലാക്കുന്നതിനെ ചൊല്ലി പാർട്ടിയിൽ തന്നെ രണ്ടഭിപ്രായവും നിലനിൽക്കുന്നു. 

പുതിയ പദ്ധതിക്ക് ഒരുപാട് സമയമെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ആരോഗ്യക്ഷേമരംഗത്തെ അട്ടിമറിക്കുന്ന നീക്കമെന്നായിരുന്നു ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതികരണം.

click me!