
വാഷിങ്ടണ്‍: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് വൻ തിരിച്ചടി. എട്ട് വർഷത്തിന് ശേഷം ജനപ്രതിനിധി സഭ ഡെമോക്രാറ്റുകൾ തിരിച്ചു പിടിച്ചു. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തി.
435 അംഗ ജനപ്രതിനിധി സഭയിലെ എല്ലാ സീറ്റിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റിലേക്കുമാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടന്നത്. ഇതിനോടൊപ്പം 36 സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് വേണ്ടിയും ജനങ്ങൾ സമ്മതിദാന അവകാശം വിനിയോഗിച്ചു.
ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയാണ് ഇടക്കാല തെരഞ്ഞെടുപ്പ് നൽകിയത്. രണ്ട് വർഷത്തെ ട്രംപ് ഭരണത്തിലെ ജനങ്ങളുടെ എതിർപ്പ് വോട്ടെടുപ്പിൽ പ്രതിഫലിച്ചപ്പോൾ എട്ട് വർഷത്തിന് ശേഷം ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി ന്യൂനപക്ഷമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 218 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. റിപ്പബ്ലിക്കൻമാർക്ക് സ്വന്തമായിരുന്ന 26 സീറ്റുകൾ വരെ ഡെമോക്രാറ്റുകൾ പിടിച്ചെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വോട്ടെണ്ണൽ ഇനിയും പൂർത്തിയായിട്ടില്ല.
ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നര മണി വരെ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 219 സീറ്റുകള്‍ മുന്നേറുകയാണ്. 198 സീറ്റുകളിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്നത്. സെനറ്റില്‍ 51 സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ 43 സീറ്റുകളിലും മുന്നിട്ടു നില്‍കുന്നുണ്ട്.
അമേരിക്കൻ ഭരണ സംവിധാനത്തിന്‍റെ പ്രത്യേകത അനുസരിച്ച് ഇനി പ്രസിഡന്‍റ് എന്ന നിലയിൽ ട്രംപ് കൈക്കൊള്ളാൻ പോകുന്ന എല്ലാ തീരുമാനങ്ങളിലും ഡെമോക്രാറ്റുകളെ കൂടി വിശ്വാസത്തിലെടുക്കേണ്ടിവരും. ജനപ്രതിനിധി സഭയിലേക്ക് വനിതകൾ നടത്തിയ മുന്നേറ്റവും ഇത്തവണ ശ്രദ്ധേയമായി. അതേസമയം, 100 അംഗ സെനറ്റിൽ നേരിയ ഭൂരിപക്ഷം നിലനിർത്താൻ ട്രംപിന് കഴിഞ്ഞിട്ടുണ്ട്. സ്വന്തം പാർട്ടിയിൽ തന്നെ എതിരാളികൾ ഉണ്ടെന്നുള്ളത് അപ്പോഴും ട്രംപിനെ ആശങ്കാകുലനാക്കുന്നുണ്ട്. ഗവർണർ തെരഞ്ഞെടുപ്പിലെ ഫലവും ട്രംപിന് അനുകൂലമല്ല.
അതേസമയം, തോൽവി അംഗീകരിക്കാൻ ഡോണാൾഡ് ട്രംപ് തയ്യാറായിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. സെനറ്റിലെ ഭൂരിപക്ഷം വൻ വിജയമാണെന്നും, ഇടക്കാല തെരഞ്ഞെടുപ്പിൽ ഒരു പ്രസിഡന്റിന് ജനങ്ങൾ നൽകിയ മികച്ച അംഗീകാരണമാണെന്നുമാണ് ട്രംപ് ശൈലിയിൽ ട്വിറ്ററിലൂടെ അദ്ദേഹത്തിന്‍റേതായി വന്നിരിക്കുന്ന പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam