
തിരുവനന്തപുരം: കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ സ്വദേശിയെ പരിക്കേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് മാരിയോ പോള്‍ എന്ന മുപ്പത്തിയേഴുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മഠം അധികൃതരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആശ്രമത്തിന് സമീപത്തെ കടക്കാരുമായി ഇയാള്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു സംഭവം. പൊലീസാണ് ആദ്യം ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൂടുതല്‍ വിദഗ്ധ ചികിത്സക്കായാണ് മെഡിക്കല്‍ കോളോജാശുപത്രിയിലേക്ക് കൊണ്ടുവന്നത്. വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച ഇയാള്‍ക്ക് മയക്കാനുള്ള മരുന്ന് നല്‍കിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ചികിത്സയില്‍ കഴിയുന്ന ഇയാളില്‍ നിന്നും പൊലീസിന് മൊഴി എടുക്കാന്‍ സാധിച്ചിട്ടില്ല. വിദേശ യുവാവിന്റെ ചികിത്സ വിവരങ്ങള്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിത ബീഗം അമേരിക്കന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. 15ന് മടങ്ങാനുള്ള ടിക്കറ്റ് എടുത്ത ഇയാള്‍ സന്ദര്‍ശക വിസയിലാണ് ഇന്ത്യയിലെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam