
ദമാസ്കസ്: സിറിയക്കെതിരെ പടയൊരുക്കം ശക്തമാക്കി പാശ്ചാത്യന്‍ രാജ്യങ്ങള്‍. ഏതുനിമിഷവും ആക്രമണമുണ്ടായേക്കാമെന്ന സൂചന നല്‍കി അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മെഡിറ്ററേനിയല്‍ കടലില്‍ നങ്കൂരമിട്ടു. രാസായുധാക്രമണത്തിന്റെ പേരിലുള്ള അമേരിക്കന്‍ സൈനിക നീക്കം ബാലിശമെന്ന് റഷ്യ കുറ്റപ്പെടുത്തി
മധ്യപൂര്‍വേഷ്യയില്‍ ഏതുനിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നത്. സിറിയക്ക് നേരെ ഏല്ലാത്തരം സൈനിക നടപടികളും മുന്നിലുണ്ടെന്ന് പറയുന്ന അമേരിക്ക അന്തിമ തീരുമാനം വ്യക്തമാക്കിയിട്ടില്ല. മിസൈല്‍ തൊടക്കാനാവുന്നതും, മിസൈല്‍വേധ ശേഷിയുള്ളതുമായ ഡോണള്‍ഡ് കുക്ക് വിഭാഗത്തിലെ രണ്ട് കപ്പലുകളാണ് മെഡിറ്ററേനിയല്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്നത്. കൂടുതല്‍ പടക്കപ്പലുകളും അന്തര്‍വാഹിനികളും മേഖലയിലേക്ക് നീങ്ങുകയാണെന്ന് പെന്റഗണ്‍ വ്യക്തമാക്കി. മിസൈല്‍ ആക്രമണം എവിടെയാകും എന്നതിനെക്കുറിച്ച് ഇതുവരെ സൂചനകളൊന്നുമില്ല. അടുത്ത 72 മണിക്കൂറുകള്‍ക്കുള്ളില്‍ മിസൈല്‍ ആക്രമണത്തിന് സാധ്യതയുളളതിനാല്‍ മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെയുളള വ്യോമപാതയില്‍ ജാഗ്രത പാലിക്കണമെന്ന് അന്താരാഷ്‌ട്ര വ്യോമ ഗതാഗത ഏജന്‍സിയായ യോറോ കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബെയ്റൂട്ടില്‍ നിന്നുളള എല്ലാ വിമാന സര്‍വ്വീസും റദ്ദാക്കയതായി കുവൈറ്റ് എയര്‍ലൈന്‍സ് അറിയിച്ചു. അമേരിക്കന്‍ നീക്കത്തെ യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സും ബ്രിട്ടണും പിന്തുണച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വിളിച്ച പ്രത്യേക ക്യാബിനറ്റ് ഇന്നുതന്നെ ചേരും. അതേസമയം ഡൂമ യിലെ രാസായുധാക്രമണത്തിന്റെ ഉത്തരവാദിത്വം നിഷേധിച്ച റഷ്യ, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് പ്രതികരിച്ചു. അമേരിക്കന്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് ലബനനിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ സസൈപ്കിന്‍ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam