കേരളത്തിലേക്കുള്ള യാത്ര വേണ്ടെന്ന് യുഎസില്‍ മുന്നറിയിപ്പ്

By Web TeamFirst Published Aug 10, 2018, 5:25 PM IST
Highlights

ഉരുള്‍പ്പൊട്ടലും വെളളപ്പൊക്കവുമടക്കമുള്ള ദുരിതങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരളത്തെ വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം വന്നിരിക്കുന്നത്

ന്യൂയോർക്ക്: മഴയും വെള്ളപ്പൊക്കവും സങ്കീര്‍ണമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍  കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിനായി പോകരുതെന്ന് പൗരന്മാർക്ക് യുഎസ് ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. ഉരുള്‍പ്പൊട്ടലും വെളളപ്പൊക്കവുമടക്കമുള്ള ദുരിതങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരളത്തെ വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം ഭരണകൂടം നൽകിയത്.

മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ 26 പേരാണ് മരിച്ചത്. പല ജില്ലകളിലും മലയിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് അതീവഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും രണ്ടുദിവസം കൂടി അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഭാരതപ്പുഴ, പെരിയാർ ഉൾപ്പെടെ മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ഭാരതപ്പുഴ കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ പുറത്തൂർ, തിരുനാവായ, നരിപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. സംസ്ഥാനത്തൊട്ടാകെ 24 അണക്കെട്ടുകളാണ് തുറന്നത്. പാലക്കാട് ജില്ലയില്‍ അഞ്ചും ഇടുക്കി തൃശൂര്‍ ജില്ലകളില്‍ നാലു വീതം അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍, ഭൂതത്താന്‍കെട്ട്, മലമ്പുഴ എന്നിവയ്ക്കുപുറമേ കക്കയം, പെരുവണ്ണാമൂഴി, വയനാട് ബാണാസുരസാഗര്‍, നെയ്യാര്‍, തെന്മല, ശിരുവാണി തുടങ്ങിയ ഡാമുകളാണ് തുറന്നത്. ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ രണ്ടുമീറ്റര്‍ 90 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 

ഇടുക്കിയില്‍ കനത്ത മഴ പെയ്തതോടെ 37 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇടുക്കി ഡാമിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ  മുഴുവന്‍ ഷട്ടറുകളും തുറന്നു. ഇന്നലെയാണ് ചെറുതോണി ഡാമിന്‍റെ  ആദ്യ ഷട്ടര്‍ ട്രയില്‍ റണിനായി ഇന്നലെ തുറന്നിരുന്നു. ശേഷം ഇന്നു രാവിലെ രണ്ടാമത്തേയും മൂന്നാമത്തേയും ഷട്ടറുകളും തുറന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് അതിശക്തമായി തുടര്‍ന്നതോടെ പുറത്തേക്ക് വിട്ടതിലും കൂടുതല്‍ വെള്ളം അകത്തേക്കെത്തുന്ന അവസ്ഥയായി.

ഒടുവില്‍ വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നരയോടെ നാലമാത്തെ ഷട്ടറും ഒന്നരയ്ക്ക് അഞ്ചാമത്തെ ഷട്ടറും തുറക്കുകയായിരുന്നു.  2041.60 അടിയാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും തുറക്കാൻ തീരുമാനമെടുത്തത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന കനത്ത മഴയാണ് ഇപ്പോൾ ഇടുക്കിയിൽ പെയ്യുന്നത്.

ഡാം നിറഞ്ഞുകവിയുന്ന സാഹചര്യം ഒഴിവാക്കാൻ വേറെ വഴിയില്ലാതെ വന്നതോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ഡാമിന്‍റെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടത്. ഇതോടെ സെക്കന്‍ഡില്‍  400 ഘനമീറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. ഘട്ടം ഘട്ടമായി ഇത് 700 ഘനമീറ്റര്‍ എന്ന നിലയിലേക്ക് ഉയര്‍ത്താനാണ് തീരുമാനം. അടിയന്തരസാഹചര്യം കണക്കിലെടുത്ത് എറണാകുളം ജില്ല അതീവജാഗ്രതയിലാണ്.

click me!