യുപിയിലെ മുഖ്യമന്ത്രി ആര്; ചര്‍ച്ചകള്‍ സജീവം

By Web DeskFirst Published Mar 12, 2017, 6:53 AM IST
Highlights

ദില്ലി: മുഖ്യമന്ത്രിയുടെ പേര് ദില്ലിയിൽ നിന്ന് വരാൻ കാത്തിരിക്കുകയാണ്  ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാക്കൾ. കേശവ് പ്രസാദ് മൗരിയയുടെ 
പേരാണ് കൂടുതൽ പറഞ്ഞുകേൾക്കുന്നതെങ്കിലും രണ്ടാംസ്ഥാനത്ത് ലക്നൗ മേയര്‍ ദിനേശ് ശര്‍മ്മയാണ്. ബിജെപി പാർലമെന്ററി  പാർട്ടി യോഗം ഇന്ന് ദില്ലി ചേരും.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശിൽ ഇനി ബി.ജെ.പിക്ക് മുമ്പിലുള്ളത്. അതിന് മുമ്പ് ഉത്തര്‍പ്രദേശിൽ എന്തെങ്കിലും മാറ്റം ബി.ജെ.പിക്ക് കൊണ്ടുവന്നേ മതിയാകു. കര്‍ഷകരുടെ കടങ്ങൾ എഴുതിതള്ളുന്നതുൾപ്പടെ ഒട്ടനവധി വാഗ്ദാനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിട്ടുണ്ട്. അതൊക്കെ നടപ്പാക്കാൻ ശേഷിയുള്ള ഒരു നേതാവിനെയാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക. 

ഒ.ബി.സി വിഭാഗങ്ങൾക്ക് വലിയ പ്രധാന്യം നൽകിയായിരുന്നു തെരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിട്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒ.ബി.സികാരനായ കേശവ് പ്രസാദ് മൗരിയയെ കൊണ്ടുവരികയും ചെയ്തു. ഒരു ഒ.ബി.സി മുഖംതന്നെ ഉത്തര്‍പ്രദേശിൽ മുഖ്യമന്ത്രിയാകട്ടെ എന്ന് തീരുമാനിച്ചാൽ കേശവ് പ്രസാദ് മൗരിയയിൽ തന്നെ ചര്‍ച്ചകൾ അവസാനിക്കും. അല്ലെങ്കിൽ ലക്നൗ മേയര്‍ ദിനേശ് ശര്‍മ്മ, കേന്ദ്ര മന്ത്രിമാരായ മഹേഷ് ശര്‍മ്മ, മനോജ് സിൻഹ, രാജ്നാഥ് സിംഗ് എന്നീ പേരുകളും പരിഗണിക്കും. 

അപ്രതീക്ഷിതമായി ഇതിലൊന്നും പെടാത്ത ഒരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി ഉയര്‍ത്തികാട്ടില്ല  എന്നും പറയാനാകില്ല. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും തന്നെയാകും അന്തിമവാക്ക്. വൈകീട്ട് ചേരുന്ന ബി.ജെ.പിയുടെ പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദി മുന്നോട്ടുവെക്കുന്ന പേര് അംഗീകരിക്കും.

click me!