ആഞ്ഞടിച്ച് വിഡി സതീശന്‍: സര്‍ക്കാരല്ല ജനങ്ങളെ രക്ഷിച്ചത് മത്സ്യത്തൊഴിലാളികള്‍

Published : Aug 30, 2018, 10:36 AM ISTUpdated : Sep 10, 2018, 03:12 AM IST
ആഞ്ഞടിച്ച് വിഡി സതീശന്‍: സര്‍ക്കാരല്ല ജനങ്ങളെ രക്ഷിച്ചത് മത്സ്യത്തൊഴിലാളികള്‍

Synopsis

രണ്ട് സിഐയും രണ്ട് എസ്.ഐയും അടക്കം 7 പൊലീസുകാരെ വച്ചാണ് 25,000 പേരെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പറവൂരില്‍ നടന്നത്. വൈപ്പിന്‍ എംഎല്‍എ എസ്.ശര്‍മ ഇവിടെയുണ്ട് അദ്ദേഹം ഇടപെട്ട് അയച്ച മത്സ്യബന്ധനബോട്ടുകള്‍ കൊണ്ടാണ് പറവൂരില്‍ ആളുകളെ രക്ഷിച്ചത്.

തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിഡി സതീശന്‍ എംഎല്‍എ. കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മഴ അല്ലെന്നും അശാസ്ത്രീയമായി ഡാമുകള്‍ തുറന്നു വിട്ടതാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളും ജനങ്ങളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഒന്നു കൊണ്ടു മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത് അതിന്‍റെ പേരില്‍ സര്‍ക്കാര്‍ അഭിമാനം കൊള്ളാന്‍ നില്‍ക്കരുത്. രാത്രിയില്‍ മനുഷ്യന്‍ വീട്ടില്‍ കിടന്നുറങ്ങുന്പോള്‍ ഡാമുകള്‍ തുറന്നുവിട്ട ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

മഴ പെയ്യുന്പോള്‍ എല്ലാ ഡാമുകളും നിറയാന്‍ കാത്തുനിന്നത് ആരാണ്. ഈ ഘട്ടത്തില്‍ രാഷ്ട്രീയം പറയാന്‍ ഞാനില്ല. എന്നാല്‍ ചിലതു പറയാതെ വയ്യ. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് ഈ പ്രളയത്തിന് കാരണം. ഡാം മാനേജ്മെന്‍റിന്‍റെ എബിസിഡി അറിയാത്തവരെയാണ് അതിന്‍റെ ചുമതല ഏല്‍പിച്ചത്. ഡാമിലേക്ക് വരുന്ന വെള്ളം ഒഴുകി വിടുന്നതിന് കൃത്യമായ മാനദണ്ഢങ്ങളുണ്ട്. മനുഷ്യര്‍ വീട്ടില്‍ കിടന്നുറങ്ങുന്പോള്‍ ഡാം തുറന്നു വിട്ടു വീട് വെള്ളത്തിലാക്കുന്നതാണ് ഇവിടെ കണ്ടത്.

ഇടുക്കി ഡാം തുറന്നു വിട്ടത് രാത്രിയാണ് അത് ഏഴ് മണിക്കൂര്‍ സഞ്ചരിച്ച് പിറ്റേന്ന് രാവിലെയാണ് കടലില്‍ എത്തിയത്.ഈ സമയത്ത് കടലില്‍ വേലിയേറ്റമായിരുന്നു. സ്വാഭാവികമായും കടലിലേക്ക് വന്ന വെള്ളത്തെ കടല്‍ തിരിച്ചു തള്ളി. അങ്ങനെയാണ് പറവൂര്‍ അടക്കമുള്ള മേഖലകള്‍ വെള്ളത്തിലായത്. വേലിയിറക്കമുള്ള സമയം കണക്കാക്കി വേണം ഡാം തുറന്നു വിടാന്‍ എന്ന പ്രാഥമികമായ വിവരം പോലും പാലിക്കാന്‍ അധികൃതര്‍ക്ക് ആയില്ല.

ജൂണിലും ജൂലൈയിലും കനത്ത മഴയാണ് പെയ്തത്. ജൂലൈ 17- ന് രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും കൂടിയ രണ്ടാമത്തെ മഴയാണ്. 15 മുതല്‍ 20 ദിവസം വരെ ഡാമില്‍ നിന്നും വെള്ളം തുറന്നു വിടാന്‍ അവസരമുണ്ടായിട്ടും അതു ചെയ്യാതെ നോക്കി നിന്നു. 2397 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി മന്ത്രി പറഞ്ഞപ്പോള്‍ ഒരു കാരണവശാലും അത് ചെയ്യില്ലെന്ന് ജലവിഭവമന്ത്രി പറഞ്ഞു. 

കാലാവസ്ഥാ പ്രവചനം സംബന്ധിച്ച തെറ്റായ വിവരങ്ങളാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നത്. പ്രളയമുണ്ടായി ആദ്യത്തെ ദിവസം ഒരു രക്ഷാപ്രവര്‍ത്തനവും നടന്നിട്ടില്ല. രണ്ട് സിഐയും രണ്ട് എസ്.ഐയും അടക്കം 7 പൊലീസുകാരെ വച്ചാണ് 25,000 പേരെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പറവൂരില്‍ നടന്നത്. വൈപ്പിന്‍ എംഎല്‍എ എസ്.ശര്‍മ ഇവിടെയുണ്ട് അദ്ദേഹം ഇടപെട്ട് അയച്ച മത്സ്യബന്ധനബോട്ടുകള്‍ കൊണ്ടാണ് പറവൂരില്‍ ആളുകളെ രക്ഷിച്ചത്. അല്ലാതെ ഉദ്യോഗസ്ഥരും പൊലീസും അല്ല. ഐപിഎസ് ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഏകോപനം എല്‍പിച്ചു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പലയിടത്തും തഹസില്‍ദാര്‍മാരും എംഎല്‍എമാരുമാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. 

രക്ഷാപ്രവര്‍ത്തനത്തിന്‍റെ പ്രധാന മാനദണ്ധം എന്താണ് അവശനിലയിലായവരെ ആദ്യം പുറത്ത് എത്തിക്കുക എന്നതാണ്. മത്സ്യത്തൊഴിലാളികളും സേനാവിഭാഗങ്ങളും ചേര്‍ന്ന് ഇങ്ങനെയുള്ളവരെ ബോട്ടില്‍ പുറത്ത് എത്തിച്ചപ്പോള്‍ അവരെ കൊണ്ടു പോകാന്‍ ഒരു ആംബുലന്‍സ് പോലും എത്തിയിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹം ട്രാന്‍സ് പോര്‍ട്ട് ബസില്‍ ബന്ധുകള്‍ക്കൊപ്പമാണ് കയറ്റി വിട്ടത്. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഏകോപനം പോലും എംഎല്‍എമാര്‍ക്ക് ചെയ്യേണ്ട ഗതികേടാണ് വന്നത്. 

പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഇടപെടലാണ് ഒരു വന്‍ദുരന്തത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചത് ഇതിന്‍റെ പേരില്‍ ഈ സര്‍ക്കാര്‍ അഭിമാനിക്കാന്‍ നില്‍ക്കേണ്ട. പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ ആയിരങ്ങള്‍ വെള്ളം ഇറങ്ങിയ ശേഷം നടന്നാണ് പുറത്തു വന്നത്. ഡാംതുറന്നു വിട്ടതു കൊണ്ടല്ല മഴ പെയ്തത് കൊണ്ടാണ് പ്രളയം വന്നത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങയുടെ ഈ നിലപാട് മുല്ലപ്പെരിയാല്‍ കേസില്‍ കേരളത്തിന്‍റെ നടുവൊടിക്കും. വൈദ്യുതി മന്ത്രി എം.എം.മണി നല്ല മനുഷ്യനാണ് പക്ഷേ ഞാനിതെല്ലാം പറയുന്പോള്‍ അദ്ദഹം ഇപ്പോള്‍ സഭയില്‍ ഇരുന്ന് എന്നോട് കോക്രി കാട്ടുകയാണ്. അദ്ദേഹത്തിന് വൈദ്യുതി വകുപ്പ് കൊടുത്തപ്പോള്‍ ഞാന്‍ നെറ്റി ചുളിച്ചിരുന്നു അതിപ്പോള്‍ ശരിയായി. ദുരിതാശ്വാസത്തിന് ഞങ്ങളുണ്ടാവും വീഴ്ച്ചകള്‍ പരിഹരിച്ച് നാം എല്ലാം ഒത്തു നിന്ന് ഈ പ്രളയത്തില്‍ നിന്ന് കരകയറണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ