
പത്തനംതിട്ട: ബസ്സ് സ്റ്റാന്റിന്റെ ശോച്യാവസ്ഥയെ ചൊല്ലി വീണാ ജോർജ്ജ് എംഎൽഎയും ബിജെപിയും നേർക്കുനേർ പോര് തുടരുന്നു. പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നുവെന്ന ബിജെപി ആരോപണത്തിന്, അപമാനിച്ചതിനാണ് കേസെടുത്തതെന്നായിരുന്നു വീണാ ജോർജ്ജിന്റെ മറുപടി. പത്തനംതിട്ടയിലെ തകർന്ന റോഡുകളുടെ ദൃശ്യങ്ങളെടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വീണാ ജോർജ്ജിനെതിരെ രാഷ്ട്രീയ പോര് ബിജെപി തുടരുകയാണ്.
പത്തനംതിട്ട നഗരസഭ ബസസ്റ്റാന്റിലെ വെള്ള കെട്ട് പരിഹരിക്കാൻ വീണാ ജോർജ്ജ് എംഎൽഎ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകൻ ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പോസ്റ്റ് മതസ്പർധ വളർത്തുന്നതും, അവഹേളിക്കുന്നതുമാണന്ന് ചൂണ്ടിക്കാട്ടി വീണാ ജോർജ് എംഎല്‍എ പൊലീസിൽ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്ത പൊലീസ്, പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ഇതോടെ പ്രതികരിക്കുന്നവരുടെ വായടയ്പിക്കാനുള്ള ശ്രമമാണ് എംഎൽഎ നടത്തുന്നതെന്ന് ആരോപണവുമായി ബിജെപി രംഗത്തെത്തി. പ്രതികരിച്ചതിനല്ല, സ്ത്രീത്വത്തെ അധിക്ഷേപിച്ചതിനാണ് പൊലീസിൽ പരാതി നൽകിയതെന്നായിരുന്നു എംഎൽഎ ഇതിന് മറുപടി നല്‍കിയത്. ബിജെപി ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. എംഎൽഎയെ അവഹേളിച്ചിട്ടില്ലെന്നും പൊതു പ്രശ്നത്തിൽ ഒരു പ്രവർത്തകന്റെ പ്രതികരണം മാത്രമായിരുന്നു പോസ്റ്റെന്ന നിലപാടിലാണ് ബിജെപിയുള്ളത്. അതേ സമയം മഴ മാറിയാൽ ഉടൻ ബസ് സ്റ്റാന്റ് നവീകരണം തുടങ്ങുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam